ഭാര്യ പുറത്ത് പോയ സമയം നാല് മക്കള്‍ക്ക് അച്ഛന്‍ വിഷം കൊടുത്തു, 3 പേര്‍ക്ക് ദാരുണാന്ത്യം, ഒരാളുടെ നിലഗുരുതരം

ഭാര്യ വീട്ടിലില്ലാത്ത സമയത്താണ് സുനിൽ കുമാർ തന്റെ വീട്ടിൽ വെച്ച് നാല് മക്കൾക്കും വിഷം നൽകിയെന്ന് പോലീസ് പറഞ്ഞു.

ചണ്ഡീഗഢ്: ഹരിയാനയില്‍ അച്ഛന്‍ തന്റെ നാല് മക്കള്‍ക്ക് വിഷം നല്‍കി. വിഷം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയിലായ മൂന്ന് കുട്ടികള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. റോഹ്തക് ജില്ലയിലാണ് മക്കളോട് അച്ഛന്റെ കൊടുംക്രൂരത നടന്നത്.

കാബൂള്‍പൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന ആശാരിപ്പണിക്കാരനായ സുനില്‍ കുമാര്‍ ആണ് തന്റെ 4 മക്കള്‍ക്ക് ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഭാര്യ വീട്ടിലില്ലാത്ത സമയത്താണ് സുനില്‍ കുമാര്‍ തന്റെ വീട്ടില്‍ വെച്ച് നാല് മക്കള്‍ക്കും വിഷം നല്‍കിയതെന്നാണ് വിവരം.

സംഭവത്തില്‍ 10-ഉം 7-ഉം വയസ്സുള്ള രണ്ട് സഹോദരിമാരും അവരുടെ ഒരു വയസ്സുള്ള സഹോദരനും ചികിത്സയിലിരിക്കെ മരിച്ചു. എട്ട് വയസ്സുകാരിയായ മകള്‍ റോഹ്തക്കിലെ പിജിഐഎംഎസില്‍ ഐസിയുവില്‍ ചികിത്സയിലാണ്.

മരപ്പണിക്കാരനായ സുനില്‍ കുമാര്‍ എന്തിനാണ് മക്കള്‍ക്ക് വിഷം കൊടുത്തതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതി ഒളിവിലാണെന്നും ഭാര്യയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

Exit mobile version