രാഹുൽ ഗാന്ധി അടിക്കടി വിദേശത്തേക്ക് പോകുന്നത് എന്തിന്; ലക്ഷ്വറി യാത്രയ്ക്കുള്ള പണത്തിന്റെ ഉറവിടം വെളിപ്പെടുത്തണം; വിവാദം കത്തിച്ച് ബിജെപി

ന്യൂഡൽഹി: കോൺഗ്രസ് മുൻദേശീയധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വിദേശ യാത്രകളിൽ സംശയം ഉയർത്തി ബിജെപി. രാഹുലിന്റെ അടിക്കടിയുള്ള വിദേശയാത്രകളെയും അതിന്റെ രഹസ്യസ്വഭാവത്തെയും ചോദ്യംചെയ്താണ് ബിജെപി രംഗത്തു വന്നിരിക്കുന്നത്. രഹസ്യസ്വഭാവമുള്ള ഏതെങ്കിലും കാര്യത്തിൽ രാഹുൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് ബിജെപി വക്താവ് ജിവിഎൽ നരസിംഹറാവു ചോദിച്ചു.

ജനപ്രതിനിധിയായതിനാൽ രാഹുലിന്റെ പതിവായുള്ള വിദേശയാത്രയെക്കുറിച്ചറിയാൻ പൊതുജനത്തിനു താത്പര്യമുണ്ട്. അഞ്ചുവർഷത്തിനുള്ളിൽ രാഹുൽ 16 തവണ വിദേശത്തുപോയി. അദ്ദേഹത്തിന്റെ മണ്ഡലമായിരുന്ന ഉത്തർപ്രദേശിലെ അമേഠി സന്ദർശിച്ചതിനെക്കാൾ അധികമാണിത്. ഇതാണ് അമേഠിയിലെ ജനങ്ങൾ അദ്ദേഹത്തെ ഒഴിവാക്കാൻ കാരണമെന്നും റാവു ആരോപിച്ചു.

‘പതിനാറിൽ ഒൻപതു യാത്രകളിലും എവിടേക്കാണ് പോയതെന്നത് അജ്ഞാതമാണ്. ഇത്തരത്തിൽ ഇടയ്ക്കിടെ നടത്തുന്ന അടിക്കടിയുള്ള വിദേശയാത്രകൾക്കുള്ള പണം എവിടെ നിന്നാണ് കണ്ടെത്തുന്നതെന്നും വെളിപ്പെടുത്തണം. ഇക്കാര്യങ്ങൾ അറിയാൻ പൊതുജനങ്ങൾക്ക് താൽപര്യമുണ്ട്.’ റാവു പറഞ്ഞു.

എംപിമാരുടെ വിദേശയാത്രാവിവരം പാർലമെന്റിൽ മുൻകൂട്ടി അറിയിക്കണമെന്ന് ജൂലായ് മൂന്നിന് പാർലമെന്ററികാര്യമന്ത്രി അറിയിച്ചിരുന്നു. എന്നാൽ, രാഹുൽഗാന്ധിയുടെ യാത്രയുമായി ബന്ധപ്പെട്ട് ലോക്‌സഭാ സെക്രട്ടേറിയറ്റിന് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും റാവു പറഞ്ഞു.

Exit mobile version