പുഴയിലേയ്ക്ക് കാര്‍ മറിഞ്ഞു; മുങ്ങുന്നതിനു മുന്‍പേ കുഞ്ഞിനെ പുറത്തേയ്‌ക്കെറിഞ്ഞു, വീണത് വെള്ളത്തില്‍ തന്നെ; ഒടുവില്‍ അത്ഭുത രക്ഷ, ഞെട്ടിപ്പിച്ച് വീഡിയോ

കാറിലുണ്ടായിരുന്നവരാണ് കുട്ടിയെ പുറത്തേക്കെടുത്ത ശേഷം പാലത്തില്‍ നിന്നൊരാളുടെ കൈയ്യിലേക്ക് എറിഞ്ഞത്.

ഭോപ്പാല്‍: ഒരു കുഞ്ഞിന്റെ അത്ഭുത രക്ഷപ്പെടലാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. വെള്ളത്തിലേയ്ക്ക് വീണ കാര്‍ മുങ്ങി പോകുന്നതിന് മുന്‍പ് കുഞ്ഞിനെ എടുത്ത് കരയിലേയ്ക്ക് എറിയുകയായിരുന്നു. എന്നാല്‍ കുഞ്ഞ് വീണത് വെള്ളത്തില്‍ തന്നെയായിരുന്നു. കരയ്ക്ക് നിന്ന ഒരാള്‍ ചാടിയിറങ്ങി കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഏവരെയും അമ്പരപ്പിക്കുന്നതാണ്. മധ്യപ്രദേശിലെ നിവാരി ജില്ലയിലാണ് ഈ അപകടം നടന്നത്. ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കവെയാണ് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞത്. കുഞ്ഞിനെ കൂടാതെ കാറിലുണ്ടായിരുന്ന അഞ്ചുപേരെയും രക്ഷപ്പെടുത്തി. വീതി കുറഞ്ഞ പാലത്തില്‍ വെച്ചാണ് കാര്‍ ഓട്ടോറിക്ഷയുടെ ഒരു ഭാഗത്ത് ചെറുതായി ഇടിക്കുന്നത്. പെട്ടെന്ന് തിരിച്ചതോടെ കാര്‍ പുഴയിലേക്ക് പതിച്ചു. മുങ്ങിക്കൊണ്ടിരുന്ന കാറില്‍ നിന്ന് രണ്ടുപേര്‍ സാഹസികമായി പുറത്തേക്കുവരുന്നത് ദൃശ്യങ്ങളില്‍ കാണാം.

കാറിലുണ്ടായിരുന്നവരാണ് കുട്ടിയെ പുറത്തേക്കെടുത്ത ശേഷം പാലത്തില്‍ നിന്നൊരാളുടെ കൈയ്യിലേക്ക് എറിഞ്ഞത്. എന്നാല്‍ കുട്ടി വീണത് വെള്ളത്തില്‍ ആയിരുന്നു. ശേഷം കരയില്‍ നിന്ന വ്യക്തി ചാടിയിറങ്ങി കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു. അതിനിടെ അപകടമുണ്ടാക്കിയ ഓട്ടോറിക്ഷ സ്ഥലംവിടുന്നതും ദൃശ്യങ്ങളില്‍ കാണാം. അപകടത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിന്റെയും വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഓട്ടോ ഡ്രൈവറെ വിമര്‍ശിച്ചും രക്ഷപ്പെടുത്തിയവരെ പ്രശംസിച്ചും നിരവധി പേരാണ് ഈ വീഡിയോ പങ്കുവെയ്ക്കുന്നത്.

Exit mobile version