‘തിരിച്ചു പോകൂ’, കാശ്മീരിലെത്തിയത് ഇസ്ലാമോഫോബിയ ഉള്ള യൂറോപ്യൻ എംപിമാർ; സ്വകാര്യ കാശ്മീർ സന്ദർശനത്തിന് എത്തിയവരോട് ഒവൈസി

ന്യൂഡൽഹി: ജമ്മുകാശ്മീരിലേക്ക് സ്വകാര്യ സന്ദർശനത്തിനായി എത്തിയ യൂറോപ്യൻ യൂണിയനിലെ എംപിമാർക്കെതിരെ വിമർശനവുമായി എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കാശ്മീർ താഴ്‌വരയിൽ സന്ദർശിക്കുന്നത് ഇസ്‌ലാമോഫോബിയയുള്ള എംപിമാരാണെന്നും ഒവൈസി ട്വിറ്ററിലൂടെ ആരോപിച്ചു. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള 27 അംഗ എംപിമാരുടെ സംഘം എത്തിയതിനെ വിമർശിച്ചാണ് ഒവൈസി രംഗത്തെത്തിയത്.
‘തിരിച്ചു പോകൂ, ഇത്തരത്തിൽ തെറ്റുകൾ ചെയ്യരുത്. ധർമ്മമെങ്കിലും ഇവിടെ ശേഷിക്കട്ടെ’ എന്നാകും കാശ്മീരിലെ ജനതക്ക് ഇസ്ലാമിനെ അടച്ചാക്ഷേപിക്കുന്നവരായ യൂറോപ്യൻ എംപിമാരോട് പറയാനുണ്ടാവുകയെന്നും ഒവൈസി പറഞ്ഞു. മൂന്നു മാസമായി നിയന്ത്രണങ്ങളിൽ കഴിയുന്ന കാശ്മീരിലേക്ക് ‘സ്വകാര്യ സന്ദർശന’മെന്ന പേരിലാണ് വിദേശസംഘം എത്തിയിരിക്കുന്നത്. തീവ്രവലതുപക്ഷ- ഫാസിസ്റ്റ് പാർട്ടികളിൽപെട്ട എംപിമാരാണ് കാശ്മീരിലെത്തിയിരിക്കുന്നത്. 27 അംഗ സംഘത്തിൽ ആറു ഫ്രഞ്ച് എംപിമാർ ലീ പെന്നിന്റെ നാഷനൽ ഫ്രണ്ടുകാർ, പോളണ്ടിൽ നിന്നുള്ള ആറുപേരും കടുത്ത വലതുപക്ഷക്കാർ, നാലു ബ്രിട്ടീഷ് എംപിമാർ ബ്രക്‌സിറ്റ് പാർട്ടിക്കാരും ആണ്.

യൂറോപ്യൻ എംപിമാരുടെ കാശ്മീർ സന്ദർശനത്തിനെതിരെ പ്രിയങ്കാ ഗാന്ധിയുടക്കമുള്ള പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിരുന്നു. ഇന്ത്യയിൽ നിന്നുള്ള നേതാക്കൻമാരെയും എംപിമാരെ വിമാനത്താവളത്തിൽ നിന്നും മടക്കി അയക്കുന്നവർ യൂറോപ്യൻ എംപിമാരുടെ സന്ദർശനത്തിനും ഇടപെടലിനും അനുമതി നൽകുന്നു. ഇത് വളരെ അപൂർവമായ ദേശീയതയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.

Exit mobile version