മാതാപിതാക്കളുമായി എത്രയും വേഗം അവന്‍ ഒന്നിക്കട്ടെ; കുഴല്‍ക്കിണറില്‍ വീണ കുഞ്ഞിന് വേണ്ടി പ്രാര്‍ത്ഥിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: തമിഴ്നാട് കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരനെ രക്ഷിക്കാനുള്ള തീവ്ര ശ്രമം തുടരുന്നു. അതേസമയം കുട്ടിയെ രക്ഷിക്കാന്‍ സാധിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. സുജിത്തിനെ രക്ഷിക്കാനുള്ള നേട്ടോട്ടത്തിലാണ് തമിഴ്‌നാടെന്നും അസ്വസ്ഥരായ മാതാപിതാക്കളുമായി എത്രയും വേഗം അവന്‍ ഒന്നിക്കട്ടെ എന്നും രാഹുല്‍ ട്വീറ്റില്‍ കുറിച്ചു.

അതേസമയം കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. കിണറിന് അടുത്ത് കൂറ്റന്‍ പാറക്കെട്ടുകള്‍ ഉള്ളത് രക്ഷാപ്രവര്‍ത്തനത്തിനത്തിന് തടസ്സമായി. കിണര്‍ വേഗത്തില്‍ തുരക്കാനുള്ള യന്ത്രം കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു. ഈ യന്ത്രം ഉപയോഗിച്ച് 5 മണിക്കൂര്‍ കൊണ്ട് ഇതുവരെ കുഴിച്ചത് പത്ത് അടിയാണ്. ഇന്ന് തന്നെ കുട്ടിയെ പുറത്തെത്തിക്കാനുള്ള എല്ലാ ശ്രമവും നടക്കുന്നുണ്ട്.

വെള്ളിയാഴ്ച വൈകീട്ടാണ് തിരുച്ചിറപ്പള്ളി നാട്ടുകാട്ടുപെട്ടിയില്‍ ബ്രിട്ടോയുടെ മകന്‍ സുജിത്ത് കളിക്കുന്നതിനിടെ കുഴല്‍കിണറില്‍ വീണത്. 600 അടി ആഴമുള്ള കിണറ്റിലാണ് കുട്ടി കുടുങ്ങികിടക്കുന്നത്. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ കുട്ടി വീണ്ടും ആഴത്തിലേക്ക് വീഴുകയായിരുന്നു.

Exit mobile version