ഹിന്ദു മഹാസഭ നേതാവിന്റെ കൊലപാതകം; അഞ്ച് പേര്‍ അറസ്റ്റില്‍

മൂന്ന് പേരെ ഗുജറാത്തില്‍ നിന്നും രണ്ട് പേരെ യുപിയിലെ ബിജിനോറില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

ലക്‌നൗ: ഹിന്ദു മഹാസഭ മുന്‍ നേതാവും ഹിന്ദു സമാജ് പാര്‍ട്ടി നേതാവുമായ കമലേഷ് തിവാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ അറസ്റ്റില്‍. ഗുജറാത്തില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുമാണ് പ്രതികളെ പിടികൂടിയതെന്ന് ഉത്തര്‍പ്രദേശ് ഡിജിപി ഒപി സിംഗ് പറഞ്ഞു.

മൂന്ന് പേരെ ഗുജറാത്തില്‍ നിന്നും രണ്ട് പേരെ യുപിയിലെ ബിജിനോറില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
മൗലാന മുഹ്‌സിന്‍ ശൈഖ്, റാഷിദ് അഹമ്മദ് പത്താന്‍, ഫൈസാന്‍ എന്നിവരാണ് ഗുജറാത്തില്‍ അറസ്റ്റിലായത്. ഇരു സംസ്ഥാനങ്ങളിലേയും പോലീസ് സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയതെന്നും സിംഗ് പറഞ്ഞു.

2015-ല്‍ പ്രവാചകനായ മുഹമ്മദ് നബിക്കെതിരെ കമലേഷ് തിവാരി നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനമെന്ന് യുപി പോലീസ് ഡിജിപി ഒപി സിംഗ് വ്യക്തമാക്കി.

കേസില്‍ 24 മണിക്കൂറിനകം പ്രതികളെ പിടികൂടാനായത് നേട്ടമാണെന്നും, അടുത്ത 24 മണിക്കൂറിനുള്ളില്‍ കേസിലെ മറ്റ് പ്രതികളെ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കേസില്‍ തീവ്രവാദ ബന്ധമുള്ളതായി ഇതുവരെ തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു

Exit mobile version