‘ഇന്ത്യക്കാരാണെങ്കില്‍ നിര്‍ബന്ധമായും ഭാരത് മാതാ കി ജയ് വിളിക്കണം, സ്വന്തം രാജ്യത്തിനു ജയ് വിളിക്കാന്‍ സാധിക്കാത്തവരുടെ വോട്ടിനു യാതൊരു മൂല്യവുമില്ല’; വിവാദ പരാമര്‍ശവുമായി ബിജെപി സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി: ഹരിയാനയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദപരാമര്‍ശവുമായി ബിജെപി സ്ഥാനാര്‍ത്ഥി സൊനാലി ഫോഗട്ട്.’ഭാരത് മാതാ കി ജയ്’ എന്ന് പറയാന്‍ കഴിയാത്തവരുടെ വോട്ടുകള്‍ക്ക് വിലയില്ലെന്നായിരുന്നു ഹരിയാനയിലെ ബല്‍സാമണ്ഡില്‍ കഴിഞ്ഞദിവസം നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സൊനാലി പറഞ്ഞത്. ഇത് പിന്നീട് ചര്‍ച്ചയായി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോള്‍ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനു മുന്‍പ് സൊനാലി ‘ഭാരത് മാതാ കി ജയ്’ എന്ന് വിളിച്ചു. എന്നാല്‍ ഇതിനോട് ജനങ്ങളില്‍ പലരും പ്രതികരിച്ചില്ല. തുടര്‍ന്നായിരുന്നു സൊനാലിയുടെ ഈ പരാമര്‍ശം. ‘ഭാരത് മാതാ കീ ജയ് എന്നു വിളിക്കാന്‍ സാധിക്കാത്തവര്‍ സ്വയം ലജ്ജിക്കണം. നിങ്ങള്‍ പാകിസ്താനില്‍നിന്നുള്ളവരാണോ?, എന്നും സൊനാലി ചോദിച്ചു.

‘നിങ്ങള്‍ ഇന്ത്യക്കാരാണെങ്കില്‍ നിര്‍ബന്ധമായും ഭാരത് മാതാ കി ജയ് വിളിക്കണം. കേവലം രാഷ്ട്രീയ ഭിന്നതയുടെ പേരില്‍ സ്വന്തം രാജ്യത്തിനു ജയ് വിളിക്കാന്‍ സാധിക്കാത്തവരുടെ വോട്ടിനു യാതൊരു മൂല്യവുമില്ല’, സൊനാലി പറഞ്ഞു. ഒക്ടോബര്‍ 21-ന് നടക്കുന്ന ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍
അദംപുര്‍ മണ്ഡലത്തില്‍ നിന്നാണ് സൊനാലി മത്സരിക്കുന്നത്. ടിക് ടോക്കില്‍ ഒട്ടേറേ ആരാധകരാണ് സൊനാലി ഫോഗട്ടിനുള്ളത്.

Exit mobile version