‘നുണപ്രചരിപ്പിക്കുന്നവര്‍ക്കും വിദേശത്ത് കറങ്ങി നടക്കുന്നവര്‍ക്കും ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാകില്ല; അത് ചായക്കടക്കാരനേ മനസിലാകൂ’: മോഡി

വികസനത്തിന്റെ ഭാഗമാകാന്‍ രാഹുല്‍ ഗാന്ധിയുടെ മുത്തശ്ശിക്കോ മുത്തച്ഛനോ കഴിഞ്ഞില്ലെന്നും വര്‍ഷങ്ങളെടുത്ത് ഭരണം കൈയ്യാളിയിട്ടും ഇവിടെ ഒരു പൈപ്പ് പോലും സ്ഥാപിച്ചിട്ടില്ലെന്നും മോഡി പറഞ്ഞു.

അംബികാപൂര്‍: കോണ്‍ഗ്രസിലെ കുടുംബവാഴ്ചയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രധാനന്ത്രി നരേന്ദ്ര മോഡി. ഗാന്ധി കുടുംബത്തെ ഞാന്‍ വെല്ലുവിളിക്കുകയാണ് നെഹ്‌റുവിന്റെ പിന്‍തലമുറക്കാരല്ലാത്ത ഒരാളെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാന്‍. ഇന്ത്യയില്‍ നെഹ്റു-ഗാന്ധി കുടുംബം പ്രവര്‍ത്തിച്ചത് സ്വന്തം കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കു വേണ്ടിയായിരുന്നുവെന്നും മോഡി വിമര്‍ശിച്ചു.

രാജ്യത്തിന്റെ പുരോഗതിക്കോ വികസനത്തിനോ ഗാന്ധി കുടുംബം ഒന്നും ചെയ്യ്തിട്ടില്ല. ഛത്തീസ്ഗഢിന്റെ വികസനത്തിന്റെ ഭാഗമാകാന്‍ രാഹുല്‍ ഗാന്ധിയുടെ മുത്തശ്ശിക്കോ മുത്തച്ഛനോ കഴിഞ്ഞില്ലെന്നും വര്‍ഷങ്ങളെടുത്ത് ഭരണം കൈയ്യാളിയിട്ടും ഇവിടെ ഒരു പൈപ്പ് പോലും സ്ഥാപിച്ചിട്ടില്ലെന്നും മോഡി പറഞ്ഞു. ഛത്തീസ്ഗഢിലെ അംബികാപൂരില്‍ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്തുകൊണ്ട് നിങ്ങള്‍ക്ക് ഇതിനൊന്നും സാധിച്ചില്ല എന്നതിന്റെ കാര്യം കാര്യം വ്യക്തമാക്കിയിട്ടു മതി ബിജെപി ചെയ്യാത്തതിനെ കുറിച്ചു ചോദിക്കുന്നത് എന്നും മോഡി പ്രസംഗത്തില്‍ കത്തിക്കയറി.

നുണകള്‍ പറഞ്ഞു പ്രചരിപ്പിക്കുന്നവര്‍ക്കും വിദേശങ്ങളില്‍ കറങ്ങി നടക്കുന്നവര്‍ക്കും പാവപ്പെട്ട ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാകില്ലെന്നും ഒരു ചായക്കടക്കാരന് മാത്രമെ അത് മനസിലാകൂ എന്നും മോഡി പറഞ്ഞു.

മോഡിയുടെ ഈ പരാമര്‍ശം ഏറ്റെടുത്ത് സോഷ്യല്‍മീഡിയ ഇതിനകം ട്രോളും ആരംഭിച്ചിട്ടുണ്ട്. മോഡിയുടെ വിദേശയാത്രകള്‍ ചൂണ്ടിക്കാണിച്ച് സെല്‍ഫ് ട്രോളെന്നാണ് സോഷ്യല്‍മീഡിയയുടെ പരിഹാസം.

Exit mobile version