ഞങ്ങൾ ഭാരത് മാതാ കീ ജയ് വിളിക്കുമ്പോൾ അവർ സോണിയ ഗാന്ധി കീ ജയ് വിളിക്കും; കോൺഗ്രസിനെ പരിഹസിച്ച് ഹരിയാന മുഖ്യമന്ത്രി

ഹരിയാനയിൽ നരെയ്ൻഗഡ് മണ്ഡലത്തിലാണ് ഖട്ടർ കോൺഗ്രസിനെതിരെ പരിഹാസവുമായി രംഗത്തെത്തിയത്.

നരെയ്ൻഗഡ്: കോൺഗ്രസിനെയും സോണിയാ ഗാന്ധിയുടെ നേതൃത്വത്തേയും പരിഹസിച്ച് ബിജെപിയുടെ ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം. ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുന്നവരും സോണിയ ഗാന്ധി കീ ജയ് എന്ന് പറയുന്നവരും തമ്മിലുള്ള വ്യത്യാസം ജനങ്ങൾ മനസിലാക്കണമെന്ന് ഹരിയാന മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹർ ലാൽ ഖട്ടർ പ്രചാരണത്തിനിടെ പറഞ്ഞത് വിവാദത്തിലായിരിക്കുകയാണ്.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന ഹരിയാനയിൽ നരെയ്ൻഗഡ് മണ്ഡലത്തിലാണ് ഖട്ടർ കോൺഗ്രസിനെതിരെ പരിഹാസവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ഗുരുഗൺ മണ്ഡലത്തിലെ കോൺഗ്രസിന്റെ സ്ഥാനാർത്ഥി സുഖ്ഭീർ ഖട്ടാരിയയുടെ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഈ വീഡിയോയിൽ സുഖ്ഭീർ, സോണിയയ്ക്കും ഭൂപീന്ദർ ഹൂഡയ്ക്കും കീ ജയ് എന്ന് വിളിക്കണമെന്ന് പറയുന്നതായാണ് കാണാനാവുക. എന്നാൽ, ഇത് വ്യാജമാണെന്നാണ് കോൺഗ്രസിന്റെ വാദം.

ഇത് വ്യാജമാണെന്നും എഡിറ്റ് ചെയ്തതാണെന്നും കോൺഗ്രസ് അവകാശപ്പെട്ടു. ഈ വിവാദത്തിന് മൂർച്ഛ കൂട്ടാനാണ് ഖട്ടർ നരെയ്ൻഗഡിൽ ശ്രമിച്ചത്. ആ വീഡിയോ വ്യാജമാണെന്ന് കോൺഗ്രസ് ഇപ്പോൾ പറയും, അത് സോണിയ ഗാന്ധിയെ ദേഷ്യം പിടിപ്പിക്കും എന്നത് കൊണ്ടാണ്. പക്ഷേ, ഈ വീഡിയോ സത്യമാണെന്ന് പറഞ്ഞാൽ ജനങ്ങൾക്ക് ദേഷ്യമാണ് വരിക. നെഹ്‌റു-ഗാന്ധി കുടുംബത്തിന് ഉപരിയായി കോൺഗ്രസിന് ഒന്നും ചിന്തിക്കാനാകില്ലെന്നും ഖട്ടർ പറഞ്ഞു.

Exit mobile version