വീട്ടുതടങ്കലിലായ ഫറൂഖ് അബ്ദുള്ളയെ കാണാൻ നേതാക്കളെത്തി; സെൽഫിയെടുത്തും ആഹാരം കഴിച്ചും അൽപനേരം സ്വാതന്ത്ര്യം അനുഭവിച്ച് കാശ്മീരി നേതാക്കൾ

രണ്ടാം തലമായ ബ്ലോക്ക് വികസന കൗൺസിൽ തെരഞ്ഞെടുപ്പിൽ പാർട്ടിയിലെ ആരും മത്സരിക്കുന്നില്ലെന്നും നേതാക്കൾ മാധ്യമത്തോട് പറഞ്ഞു.

ശ്രീനഗർ: ജമ്മു കാശ്മീരിൽ വീട്ടുതടങ്കലിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയെ കാണാനായി പാർട്ടി നേതാക്കൾ എത്തി. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന ആർട്ടിക്കിൾ 371 റദ്ദാക്കിയതിന് പിന്നാലെയാണ് മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള ഉൾപ്പടെയുള്ള കാശ്മീർ നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. നാഷണൽ കോൺഫറൻസ് നേതാക്കന്മാരായ അക്ബർ ലോൺ, ഹസ്നൈൻ മസൂദി എന്നിവരടങ്ങുന്ന നേതാക്കളാണ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്.

എന്നാൽ, രാഷ്ട്രീയം തങ്ങൾ സംസാരിച്ചില്ലെന്നും ആരോഗ്യം മാത്രമാണ് ചർച്ചയായതെന്നും അക്ബർ ലോൺ ദേശീയമാധ്യമത്തോട് പറഞ്ഞു. എല്ലാം നേതാക്കളും തടവിൽ കഴിയുന്ന സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ രണ്ടാം തലമായ ബ്ലോക്ക് വികസന കൗൺസിൽ തെരഞ്ഞെടുപ്പിൽ പാർട്ടിയിലെ ആരും മത്സരിക്കുന്നില്ലെന്നും നേതാക്കൾ മാധ്യമത്തോട് പറഞ്ഞു.

ജമ്മു പ്രൊവിൻഷ്യൽ പ്രസിഡന്റ് ദേവേന്ദർ സിങ് റാണ, പാർട്ടി മുൻ എംഎൽഎമാർ എന്നിവരടങ്ങിയ 15 അംഗ സംഘമാണ് ശ്രീനഗറിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി ഫാറൂഖ് അബ്ദുള്ളയെ സന്ദർശിച്ചത്. കൂടിക്കാഴ്ചയ്ക്ക് ശേഷം ഭക്ഷണം കഴിക്കുകയും സെൽഫി എടുക്കുകയും ചെയ്തു.

ഫാറൂഖ് അബ്ദുല്ലയുടെ മകനും പാർട്ടി ഉപാധ്യക്ഷനുമായ ഒമർ അബ്ദുള്ളയെയും സന്ദർശിക്കും. കഴിഞ്ഞ ദിവസമാണ് ഗവർണർ സത്യപാൽ മാലിക് ഇരുനേതാക്കളെയും കാണാൻ പാർട്ടി പ്രതിനിധി സംഘത്തിന് അനുമതി നൽകിയത്. 81കാരനായ ഫാറൂഖ് അബ്ദുള്ളയെ അദ്ദേഹത്തിന്റെ ശ്രീനഗറിലെ വസതിയിലും ഒമർ അബ്ദുള്ളയെ ഗസ്റ്റ് ഹൗസിലുമാണ് വീട്ടുതടങ്കലിലാക്കിയിട്ടുള്ളത്.

Exit mobile version