തെറ്റുപറ്റിയാൽ മാപ്പ് പറയുന്നതിൽ ലജ്ജിക്കേണ്ടതില്ല; ഡോ. കഫീൽ ഖാനോട് മാപ്പ് പറഞ്ഞ് ബിജെപി മുൻ എംപി പരേഷ് റാവൽ

കഫീൽ ഖാൻ, ഞാൻ താങ്കളോട് മാപ്പ് ചോദിക്കുന്നു എന്നുമാണ് പരേഷ് റാവൽ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ ഓക്‌സിജൻ ലഭിക്കാതെ ബിആർഡി മെഡിക്കൽ കോളേജിൽ കുട്ടികൾ മരിച്ച സംഭവത്തിൽ ആരോപണ വിധേയനായിരുന്ന ഡോക്ടർ കഫീൽ ഖാൻ നിരപരാധിയെന്ന് തെളിഞ്ഞതോടെ അദ്ദേഹത്തോട് മാപ്പ് അപേക്ഷിച്ച് ബിജെപി മുൻ എംപിയും നടനുമായ പരേഷ് റാവൽ. തെറ്റുപറ്റിയെന്ന് തോന്നിയാൽ മാപ്പ് പറയുന്നതിൽ ഒരാൾക്ക് ലജ്ജിക്കേണ്ട കാര്യമില്ലെന്നും, കഫീൽ ഖാൻ, ഞാൻ താങ്കളോട് മാപ്പ് ചോദിക്കുന്നു എന്നുമാണ് പരേഷ് റാവൽ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

2017 ഓഗസ്റ്റ് 10നാണ് രാജ്യത്തെ നടുക്കി സംഭവം ബിആർഡി മെഡിക്കൽ കോളേജിൽ അരങ്ങേറിയത്. മസ്തിഷ്‌ക ജ്വരം ബാധിച്ച 60 ഓളം കുഞ്ഞുങ്ങൾ ഓക്‌സിജന്റെ അഭാവത്തെതുടർന്ന് ആശുപത്രിയിൽ വച്ച് മരണപ്പെടുകയായിരുന്നു. ന്നത്. സംഭവത്തിന് പിന്നാലെ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനായ ഡോക്ടർ കഫീൽ ഖാനെ സസ്‌പെന്റ് ചെയ്യുകയും പിന്നീട് കേസെടുത്ത് അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുകയുമായിരുന്നു. ആശുപത്രിയിൽ ഓക്‌സിജൻ കുറവാണെന്ന കാര്യം കഫീൽ ഖാൻ അറിയിക്കാതിരുന്നതാണ് കുട്ടികളുടെ കൂട്ടമരണത്തിന് കാരണമായതെന്ന് ആരോപിച്ചായിരുന്നു അന്ന് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. തുടർന്ന് കേസിൽ മൂന്നാം പ്രതിയായി ചേർക്കപ്പെട്ട കഫീൽ ഖാൻ എട്ടു മാസത്തെ തടവ് ശിക്ഷയ്ക്ക് ശേഷം ഏപ്രിൽ 25നാണ് അലഹബാദ് ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.

കുട്ടികൾക്ക് സ്വന്തം പണം ഉപയോഗിച്ച് ഓക്‌സിജൻ എത്തിച്ച കഫീൽ ഖാനെ അന്യായമായി അറസ്റ്റ് ചെയ്തതാണെന്ന് ആരോപിച്ച് യോഗി ആദിത്യനാഥ് സർക്കാരിനെതിരെ വലിയ ജനരോഷമാണ് ഉയർന്നത്. എന്നാൽ, കഫീൽ ഖാനാണ് കുറ്റക്കാരനെന്ന് ആരോപിച്ച് അന്ന് എംപി ആയിരുന്ന പരേഷ് റാവലടക്കം രൂക്ഷമായ ഭാഷയിൽ കഫീൽ ഖാനെതിരെ രംഗത്തെത്തിയിരുന്നു.

അതേസമയം, തന്നോട് ക്ഷമ ചോദിച്ച പരേഷിനോട് കഫീൽ ഖാൻ ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. തന്നെ ബാധിച്ച വലിയ കാര്യമായിരുന്നു ആ സംഭവം. നമ്മളെല്ലാവരും കുട്ടികളെ നഷ്ടപ്പെട്ട മാതാപിതാക്കളോട് മാപ്പ് പറയണമെന്ന് കഫീൽ ഖാൻ ട്വിറ്ററിൽ കുറിച്ചു.

Exit mobile version