ബന്ദിപ്പൂര്‍ വനപാതയിലെ രാത്രിയാത്രാ നിരോധനം നീക്കില്ല; കോടതി വിധിക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ലെന്ന് യെദ്യൂരപ്പ

ദേശീയപാത 766 വഴിയുള്ള രാത്രിയാത്ര നിരോധിച്ചുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെക്കുറിച്ച് രാഹുല്‍ ഗാന്ധിക്കും അറിവുള്ളതാണെന്നാണ് താന്‍ കരുതുന്നതെന്ന്,

ബാംഗ്ലൂര്‍: ബന്ദിപ്പൂര്‍ വനപാതയിലെ രാത്രിയാത്രാ നിരോധനം നീക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. രാത്രിയാത്ര നിരോധിച്ച കോടതി വിധിക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ലെന്ന് യെദ്യൂരപ്പ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

”ബന്ദിപ്പൂര്‍ വനപാതയിലൂടെ രാത്രി വാഹനങ്ങള്‍ അനുവദിക്കരുതെന്ന് കോടതിയാണ് ഉത്തരവിട്ടത്. കോടതി വിധിക്കു വിരുദ്ധമായി ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ല” യെദ്യൂരപ്പ പറഞ്ഞു.

രാത്രികാല നിയന്ത്രണം നീക്കണമെന്ന് ആവശ്യപ്പെട്ട് വയനാട്ടില്‍ സമരം നടക്കുന്നതുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു യെദ്യൂരപ്പ. രാത്രിയാത്രാ നിരോധനം മൂലമുള്ള ബുദ്ധിമുട്ടു പരിഹരിക്കാന്‍ എലിവേറ്റഡ് കോറിഡോര്‍ നിര്‍മ്മിക്കണമെന്ന നിര്‍ദേശത്തെയും യെദ്യൂരപ്പ തള്ളി. എലിവേറ്റഡ് കോറിഡോര്‍ പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുമെന്ന് യെദ്യൂരപ്പ പറഞ്ഞു.

ദേശീയപാത 766 വഴിയുള്ള രാത്രിയാത്ര നിരോധിച്ചുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെക്കുറിച്ച് രാഹുല്‍ ഗാന്ധിക്കും അറിവുള്ളതാണെന്നാണ് താന്‍ കരുതുന്നതെന്ന്, നിരോധനം നീക്കണമെന്ന രാഹുലിന്റെ ആവശ്യം ചൂണ്ടിക്കാട്ടിയപ്പോള്‍ യെദ്യൂരപ്പ പറഞ്ഞു.

2009 ജൂലൈ 29നാണ് ബന്ദിപ്പൂര്‍ വനമേഖലയിലെ ദേശീയപാത 766ല്‍ രാത്രിയാത്ര നിരോധനം നിലവില്‍ വന്നത്. നിരോധനം നീക്കാന്‍ പലവിധ പ്രക്ഷോഭങ്ങള്‍ പിന്നീടങ്ങോട്ട് നടന്നെങ്കിലും ഒന്നും വിജയം കണ്ടില്ല.
അതിനിടെ രാത്രിയാത്രാ നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് വയനാട്ടില്‍ നടക്കുന്ന സമരം ഒന്‍പതാം ദിവസത്തിലേക്കു കടന്നു.

Exit mobile version