നിയമവിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; ബിജെപി നേതാവ് അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ നിയമവിദ്യാര്‍ത്ഥിനിയായ 23 കാരിയാണ് പീഡനത്തിന് ഇരയായത്

ലഖ്‌നൗ: വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദ് അറസ്റ്റില്‍. പീഡനം സഹിക്കവയ്യാതെ പെണ്‍കുട്ടി ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടര്‍ന്ന് സംഭവത്തില്‍ സുപ്രീംകോടതി ഇടപെടുകയും വിശദമായ അന്വേഷണത്തിന് പോലീസിന് നിര്‍ദേശം നല്‍കുകയുമായിരുന്നു.

ഉത്തര്‍പ്രദേശിലെ നിയമവിദ്യാര്‍ത്ഥിനിയായ 23 കാരിയാണ് പീഡനത്തിന് ഇരയായത്. ചിന്മയാനന്ദിന്റെ ഉടമസ്ഥതയിലുള്ള ട്രസ്റ്റിന്റെ കീഴിലുള്ള കോളേജില്‍ പഠിച്ചിരുന്ന പെണ്‍കുട്ടിയെ ഹോസ്റ്റല്‍ കുളിമുറിയിലെ നഗ്‌നദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പീഡനത്തിന് ഇരയാക്കിയത്. പീഡനം സഹിക്കവയ്യാതെ പെണ്‍കുട്ടി ഫേസ്ബുക്ക് ലൈവിലൂടെ ചിന്മയാനന്ദിന്റെ ക്രൂരതകള്‍ പുറംലോകത്തെ അറിയിക്കുകയായിരുന്നു.

ഒരു വര്‍ഷത്തോളം പീഡനം തുടര്‍ന്നതായി പെണ്‍കുട്ടി ആരോപിച്ചു. പിന്നീട് ഈ വാര്‍ത്ത ദേശീയ തലത്തില്‍ ഏറെ ചര്‍ച്ചയായി. അതിനിടെ പെണ്‍കുട്ടിയെ കാണാതാവുകയും ചെയ്തു. ആഴ്ചകള്‍ക്ക് ശേഷം രാജസ്ഥാനില്‍ നിന്നാണ് പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തുന്നത്. ഇതിനിടെ സംഭവത്തില്‍ സുപ്രീംകോടതി ഇടപെടുകയും, വിശദമായ അന്വേഷണത്തിന് യുപി പോലീസിന് നിര്‍ദേശം നല്‍കുകയുമായിരുന്നു.

പെണ്‍കുട്ടിയുടെ മൊഴി വീണ്ടുമെടുത്ത പോലീസ് സംഘം ചിന്മയാനന്ദിന്റെ വീട് റെയ്ഡ് നടത്തുകയും ഏതാനും വസ്തുക്കള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഷാജഹാന്‍പൂരിലെ ആശ്രമത്തില്‍ നിന്നാണ് പ്രത്യേക അന്വേഷണസംഘം ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത ചിന്മയാനന്ദിനെ പോലീസ് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

Exit mobile version