ആവശ്യമെങ്കിൽ കാശ്മീർ സന്ദർശിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഗൊഗോയ്; ഗുലാം നബി ആസാദിന് കാശ്മീരിൽ പോകാൻ അനുമതി

കാശ്മീരിൽ വീട്ടുതടങ്കലിലായിരുന്ന തരിഗാമി സുപ്രീംകോടതി നിർദേശപ്രകാരം ചികിത്സയ്ക്കായി ഡൽഹിയിലെത്തുകയായിരുന്നു.

ന്യൂഡൽഹി: ആവശ്യമെങ്കിൽ താൻ ജമ്മു കാശ്മീർ സന്ദർശിക്കുമെന്ന പരാമർശവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി. എയിംസിൽ ചികിത്സയ്ക്കായി എത്തിയ സിപിഎം നേതാവും എംഎൽഎയുമായ മുഹമ്മദ് യൂസഫ് തരിഗാമിക്കു കശ്മീരിലേക്ക് തിരിച്ചുപോകാൻ സുപ്രീംകോടതി അനുമതി നൽകി. കൂടാതെ, മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനും ജമ്മു കാശ്മീർ സന്ദർശിക്കാൻ അനുമതി നൽകിയിട്ടുണ്ട്. നേരത്തെ, കാശ്മീരിൽ വീട്ടുതടങ്കലിലായിരുന്ന തരിഗാമി സുപ്രീംകോടതി നിർദേശപ്രകാരം ചികിത്സയ്ക്കായി ഡൽഹിയിലെത്തുകയായിരുന്നു.

ബാരാമുള്ള,ശ്രീനഗർ, അനന്ത്‌നാഗ്, ജമ്മു എന്നീ നാല് ജില്ലകൾ സന്ദർശിക്കാനാണ് അനുമതി. കാശ്മീരിലെ സ്ഥിതിഗതികളെ കുറിച്ച് തിരിച്ചെത്തി റിപ്പോർട്ട് നൽകാനും സുപ്രീംകോടതി അദ്ദേഹത്തോട് നിർദേശിച്ചു. കാശ്മീർ സന്ദർശന വേളയിൽ രാഷ്ട്രീയ പ്രസ്താവനയോ റാലിയോ നടത്തില്ലെന്ന് ഗുലാം നബി ആസാദ് അറിയിച്ചിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി പറഞ്ഞു.

ജമ്മു കാശ്മീരിലെ ജനങ്ങൾ നിയമവ്യവഹാരങ്ങൾക്കായി കോടതിയെ സമീപിക്കുന്നതിൽ തടസം നേരിടുന്നുണ്ടോയെന്ന് ആരാഞ്ഞ ചീഫ് ജസ്റ്റിസ് ഇത് സംബന്ധിച്ച് ജമ്മു കാശ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിപ്പോർട്ട് നൽകണമെന്നും നിർദേശിച്ചു. കോടതിയെ സമീപിക്കാൻ ജനങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അത് ഗുരുതരമായ സാഹചര്യമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

Exit mobile version