‘ജീവിതത്തില്‍ ഒരു അബദ്ധവും സംഭവിക്കാത്തയാള്‍ പുതുതായി ഒന്നും ശ്രമിക്കുന്നില്ല’; ഐന്‍സ്റ്റീന്‍ പരാമര്‍ശവുമായി വീണ്ടും പീയുഷ് ഗോയല്‍

മുംബൈ: ഗുരുത്വാകര്‍ഷണം ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ കണ്ടുപിടിച്ചതാണെന്ന പ്രസ്താവനയെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാപക ട്രോളുകള്‍ക്ക് വിധേയനായിരുന്നു കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. വിവാദമായതോടെ പരാമര്‍ശത്തില്‍ തെറ്റ്പറ്റിയത് വിശദീകരിക്കുകയും ചെയ്തിരുന്നു. അബദ്ധങ്ങളെ ഭയക്കുന്നയാളല്ല താന്‍. തെറ്റ് പറ്റിയാല്‍ തിരുത്താനും തയാറാണ് -ഗോയല്‍ പറഞ്ഞു.

അതേസമയം, വീണ്ടും ഐന്‍സ്റ്റീന്‍ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി. ഇത്തവണ ഐന്‍സ്റ്റീന്റെ പ്രശസ്തമായ ഒരു വാചകമാണ് ഗോയല്‍ പരാമര്‍ശിച്ചത്.

”എല്ലാവര്‍ക്കും അബദ്ധങ്ങള്‍ സംഭവിക്കാറുണ്ട്. ന്യൂട്ടണ് പകരമാണ് അബദ്ധത്തില്‍ ഐന്‍സ്റ്റീന്റെ പേര് പറഞ്ഞത്. പക്ഷേ, ഇതേ ഐന്‍സ്റ്റീന്‍ ഒരു കാര്യം പറഞ്ഞിട്ടുണ്ട്. ‘ജീവിതത്തില്‍ ഒരു അബദ്ധവും സംഭവിക്കാത്തയാള്‍ പുതുതായി ഒന്നും ശ്രമിക്കുന്നില്ല’ -മന്ത്രി ഐന്‍സ്റ്റീന്റെ പ്രശസ്ത വാചകങ്ങള്‍ ഉദ്ധരിച്ച് പറഞ്ഞു.

കഴിഞ്ഞ ദിവസം രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു ഗുരുത്വാകര്‍ഷണം കണ്ടുപിടിച്ചത് ഐന്‍സ്റ്റീനാണെന്ന പ്രസ്താവന പീയുഷ് ഗോയല്‍ നടത്തിയത്.

Exit mobile version