ആപേക്ഷികസിദ്ധാന്തം : ഐന്‍സ്റ്റീന്റെ കണക്കുകൂട്ടലുകളുടെ കയ്യെഴുത്തുപ്രതി ലേലത്തിന്

പാരിസ് : ആപേക്ഷികസിദ്ധാന്തം രചിക്കാന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ നടത്തിയ കണക്കുകൂട്ടലുകളുടെ കയ്യെഴുത്തുപ്രതി ലേലത്തിന്. ശാസ്ത്രലോകത്തെയാകെ അസ്വസ്ഥതപ്പെടുത്തിയിരുന്ന ബുധന്റെ ഭ്രമണപഥത്തിലെ വ്യതിചലനങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ ശ്രമിക്കുന്ന നോട്ടുകളാണിത്.

ജൂണ്‍ 1913നും 1914നുമിടയ്ക്ക് സ്വിസ് എഞ്ചിനീയര്‍ മിഷേല്‍ ബെസ്സോയുമായി ചേര്‍ന്നാണ് ഐന്‍സ്റ്റീന്‍ നോട്ടുകള്‍ തയ്യാറാക്കിയിരിക്കുന്നത്. 54 പേജുള്ള കയ്യെഴുത്തുപ്രതിയില്‍ 26 പേജ് ഐന്‍സ്റ്റീനും 25 പേജ് ബെസ്സോയുമാണ് എഴുതിയിരിക്കുന്നത്. ഇരുവരും ചേര്‍ന്ന് തയ്യാറാക്കിയിരിക്കുന്ന മൂന്ന് പേജുകളും ഇതിലുണ്ട്.

വെട്ടും തിരുത്തും നിറഞ്ഞ കയ്യെഴുത്തുപ്രതിയില്‍ ആപേക്ഷിക സിദ്ധാന്തത്തിലേക്ക് നയിക്കുന്ന സമവാക്യങ്ങളും കണക്കുകൂട്ടലുകളുമാണുള്ളത്.26 കോടിയാണ് കയ്യെഴുത്തുപ്രതിക്ക് പ്രതീക്ഷിക്കുന്ന തുക. പാരിസിലെ അഗട്ടസ് കമ്പനിയാണിത് ലേലത്തിന് വയ്ക്കുന്നത്.

Exit mobile version