നമ്മളെല്ലാവരും തെറ്റുകള്‍ വരുത്തുന്നവരാണ്; തെറ്റു വരുത്താത്ത ഒരാള്‍ ഒരിക്കലും പുതുതായി ഒന്നും ചെയ്യുന്നില്ല; ഐന്‍സ്റ്റീന്‍ പരാമര്‍ശത്തെ ന്യായീകരിച്ച് പീയൂഷ് ഗോയല്‍

മോഡി സര്‍ക്കാരിന്റെ സാമ്പത്തിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനിടെയാണ് ഐന്‍സ്റ്റീനാണ് ഗുരുത്വാകര്‍ഷണ സിദ്ധാന്തം കണ്ടെത്തിയതെന്ന് മന്ത്രി പറഞ്ഞത്

ന്യൂഡല്‍ഹി: ഗുരുത്വാകര്‍ഷണം കണ്ടെത്തിയത് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആണെന്ന പ്രസ്താവന തിരുത്തി കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍. വിഷയത്തില്‍ തനിക്ക് തെറ്റ് പറ്റിയതാണെന്ന് കേന്ദ്ര മന്ത്രി സമ്മതിച്ചു. ഐന്‍സ്റ്റീന്റെ പേരില്‍ സംഭവിച്ച തെറ്റിനെ ഐന്‍സ്റ്റീന്റെ തന്നെ വാചകങ്ങള്‍ ഉപയോഗിച്ചാണ് മന്ത്രി ന്യായീകരിച്ചത്.

”നമ്മളെല്ലാവരും തെറ്റുകള്‍ വരുത്തുന്നവരാണ്. ന്യൂട്ടണ്‍ എന്നതിനു പകരം ഐന്‍സസ്റ്റീന്‍ എന്നാണ് ഞാന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍, ‘ഒരിക്കലും തെറ്റു വരുത്താത്ത ഒരാള്‍ ഒരിക്കലും പുതുതായി ഒന്നും ചെയ്യാന്‍ ശ്രമിക്കുന്നില്ല’ എന്ന് ഇതേ ഐന്‍സ്റ്റീന്‍ തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്”- അദ്ദേഹം പറഞ്ഞു. മുംബൈയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു തന്റെ പ്രസ്താവന സംബന്ധിച്ച് അദ്ദേഹം വിശദീകരണം നല്‍കിയത്.

മോഡി സര്‍ക്കാരിന്റെ സാമ്പത്തിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനിടെയാണ് ഐന്‍സ്റ്റീനാണ് ഗുരുത്വാകര്‍ഷണ സിദ്ധാന്തം കണ്ടെത്തിയതെന്ന് മന്ത്രി പറഞ്ഞത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസങ്ങള്‍ക്കും ട്രോളുകള്‍ക്കും ഇടയാക്കിയിരുന്നു.

Exit mobile version