‘വെറുപ്പുകൊണ്ട് അന്ധരാക്കപ്പെട്ടിരിക്കുന്ന മതഭ്രാന്തന്മാര്‍ക്ക് പ്രൊഫഷണല്‍ എന്താണെന്ന് യാതൊരു ധാരണയുമില്ല’; അഭിജിത്തിന് പിന്തുണയുമായി രാഹുല്‍

ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം

ന്യൂഡല്‍ഹി: നോബല്‍ പുരസ്‌കാര ജേതാവ് അഭിജിത് ബാനര്‍ജിയുടെ പ്രൊഫഷണലിസത്തെ ചോദ്യം ചെയ്ത കേന്ദ്രമന്ത്രി പീയുഷ് ഗോയലിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വെറുപ്പുകൊണ്ട് അന്ധരാക്കപ്പെട്ടിരിക്കുന്ന മതഭ്രാന്തന്മാര്‍ക്ക് പ്രൊഫഷണല്‍ എന്താണെന്ന് യാതൊരു ധാരണയും ഇല്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം.

‘പ്രിയപ്പെട്ട മിസ്റ്റര്‍ ബാനര്‍ജി, ഈ മതഭ്രാന്തന്മാര്‍ വെറുപ്പുകൊണ്ട് അന്ധരാക്കപ്പെട്ടിരിക്കുകയാണ്. ഒരു പ്രൊഫഷണല്‍ എന്താണെന്ന് യാതൊരു ധാരണയും ഇവര്‍ക്കില്ല. പത്തുകൊല്ലം ശ്രമിച്ചാലും നിങ്ങള്‍ക്ക് അക്കാര്യം അവരോട് വിശദീകരിക്കാനുമാകില്ല. തീര്‍ച്ചയായും ഉറപ്പിച്ചോളൂ, ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ താങ്കളുടെ പ്രവൃത്തിയില്‍ അഭിമാനം കൊള്ളുന്നുണ്ടെന്ന്’- രാഹുല്‍ ട്വീറ്റില്‍ പറഞ്ഞു.


ഇടതുപക്ഷ ചിന്താഗതിക്കാരനായ അഭിജിത് ബാനര്‍ജിയുടെ ന്യായ് പദ്ധതി ഇന്ത്യക്കാര്‍ തള്ളിയതാണ്. അഭിജിത് ബാനര്‍ജിയുടെ ചിന്താഗതി പൂര്‍ണമായും ഇടതുചായ്‌വുള്ളതാണ്- എന്നിങ്ങനെയായിരുന്നു ഗോയലിന്റെ പരാമര്‍ശം. മന്ത്രിയുടെ പരാമര്‍ശം തന്റെ പ്രൊഫഷണലിസത്തെ ചോദ്യം ചെയ്യുന്നതാണെന്ന് അഭിജിത്ത് പ്രതികരിച്ചിരുന്നു. ഇതിന് പിന്നിലെയാണ് അഭിജിത്തിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി രംഗത്ത് വന്നത്.

Exit mobile version