‘തൊഴിൽ തരൂ സർക്കാരേ..’ കൊൽക്കത്തയിൽ ഇടതു വിദ്യാർത്ഥി-യുവജന സംഘടനകളുടെ പ്രതിഷേധം ശക്തം; ജലപീരങ്കിയും കണ്ണീർവാതകവുമായി നേരിട്ട് പോലീസ്

തുടർന്ന് വിദ്യാർത്ഥികളും പോലീസും ഏറ്റുമുട്ടി.

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തൊഴിലില്ലായ്മയ്‌ക്കെതിരെ കൊടുങ്കാറ്റായി ഇടത് വിദ്യാർത്ഥി സംഘടനകളുടെ വൻ പ്രതിഷേധ റാലി. കൊൽക്കത്ത നഗരത്തിലേക്ക് കടക്കാനായി ഹൗറയിലെത്തിയ പ്രക്ഷോഭകരുടെ റാലിയെ പോലീസ് തടഞ്ഞു. തുടർന്ന് വിദ്യാർത്ഥികളും പോലീസും ഏറ്റുമുട്ടി.

എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ സംഘടനകൾ ചേർന്നായിരുന്നു പ്രതിഷേധറാലി സംഘടിപ്പിച്ചത്. ഇന്നലെ ഹൂഗ്ലിയിൽ നിന്നാണ് മാർച്ച് തുടങ്ങിയത്. മാർച്ച് കൊൽക്കത്ത നഗരത്തിന് സമീപത്ത് എത്തിയതിനിടെ നിരവധിപ്പേരാണ് റാലിയിൽ അണിനിരന്നത്. വൻജനകീയ പങ്കാളിത്തം മാർച്ചിന് ലഭിച്ചതോടെ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും ഉപയോഗിച്ച് പ്രക്ഷോഭകരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇരുകൂട്ടരും തമ്മിലുള്ള ഏറ്റുമുട്ടലിൽ സമരക്കാരിൽ ചിലർക്ക് പരിക്കുണ്ടെന്നാണ് സൂചന. ചില മാധ്യമപ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്.

‘നബന്ന (നിയമസഭ) ചലോ’- എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു യുവജനങ്ങളുടെ മാർച്ച്. കേന്ദ്ര – സംസ്ഥാനസർക്കാരുകൾ തൊഴിലില്ലാത്ത യുവാക്കൾക്കായി ഒന്നും ചെയ്യുന്നില്ലെന്ന് സമരക്കാർ ആരോപിച്ചു. ഹൂഗ്ലിയിലെ സിംഗൂരിൽ ഉപേക്ഷിക്കപ്പെട്ട നാനോ പ്ലാൻറിൽ നിന്നാണ് പ്രതിഷേധപ്രകടനം തുടങ്ങിയത്. പശ്ചിമബംഗാളിൽ ഇടതുപക്ഷം വീണ്ടും ശക്തി തെളിയിക്കുന്ന കാഴ്ച കൂടിയായി ഈ സമരം.

Exit mobile version