ക്ഷേത്ര ചുമരില്‍ മുഖ്യമന്ത്രിയുടെ ചിത്രവും പാര്‍ട്ടി ചിഹ്നവും കൊത്തിവെച്ചു; പ്രതിഷേധം ശക്തം

അടുത്തിടെയാണ് ക്ഷേത്രം മോടിപിടിപ്പിച്ചത്

ഹൈദരാബാദ്: ക്ഷേത്ര ചുമരില്‍ തെലങ്കാന മുഖ്യമന്ത്രിയുടെ ചിത്രം കൊത്തിവെച്ചത് വിവാദത്തില്‍. തെലങ്കാനയിലെ പ്രധാന യദാദ്രി ക്ഷേത്രത്തിലെ ചുമരിലാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ ചിത്രം കൊത്തിവെച്ചത്. ചിത്രത്തിനൊപ്പം പാര്‍ട്ടി ചിഹ്നവും ചുമരില്‍ കാണാം. അടുത്തിടെയാണ് ക്ഷേത്രം മോടിപിടിപ്പിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് അടുത്തിടെ മിനുക്കുപണികള്‍ നടന്നത്. കെസിആറിന്റെ ചിത്രവും ഒപ്പം അദ്ദേഹത്തിന്റെ പാര്‍ട്ടി ചിഹ്നമായ കാറ്, വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ അടയാളങ്ങള്‍ എന്നിവയാണ് ശില്പികള്‍ ക്ഷേത്ര ചുമരില്‍ കൊത്തിവെച്ചത്. ഇതിനെതിരെ വിവിധ സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധമുയര്‍ത്തി രംഗത്തെത്തി.

സംഭവം വിവാദമായതോടെ പ്രതികരണവുമായി ക്ഷേത്രഭാരവാഹികളുമെത്തി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശമൊന്നും നല്‍കിയിട്ടില്ലെന്നും കെസിആറിനോടുള്ള ആരാധന മൂലം ശില്‍പി ചെയ്തതാണെന്നുമാണ് ക്ഷേത്ര വികസ അതോറിറ്റി ഭാരവാഹികള്‍ പറയുന്നത്. പലക്ഷേത്രങ്ങളിലും ശില്‍പികള്‍ അവരുടെ ഇഷ്ടത്തിനനുസൃതമായി പലരുടേയും ചിത്രങ്ങള്‍ കൊത്തിവെച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ചിത്രവും പാര്‍ട്ടി ചിഹ്നവുമെല്ലാം നീക്കം ചെയ്യാന്‍ തയ്യാറാണെന്ന് പിന്നീട് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

Exit mobile version