ബിജെപിയും ബജ്‌റംഗ്ദളും ഐഎസ്‌ഐയിൽ നിന്നും പണം പറ്റുന്നവർ; ആരോപണം ആവർത്തിച്ച് ദിഗ് വിജയ് സിങ്

ഇതിനെതിരെ ബിജെപി രംഗത്തെത്തിയിട്ടും ആരോപണം ആവർത്തിക്കുകയായിരുന്നു അദ്ദേഹം.

ന്യൂഡൽഹി: ബിജെപിയിലെ ചില അംഗങ്ങൾ പാകിസ്താൻ ചാരസംഘടനയിൽ നിന്നും പണം പറ്റുന്നവരാണെന്ന വാദം ആവർത്തിച്ച് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ദിഗ്വിജയ് സിങ്. ചില ബിജെപിക്കാർ ഐഎസ്‌ഐയിൽ നിന്ന് പണം വാങ്ങുന്നവരും രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നവരാണെന്ന് അദ്ദേഹം ആവർത്തിച്ചു. നേരത്തെയും ദിഗ്വിജയ് സിങ് സമാന ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെതിരെ ബിജെപി രംഗത്തെത്തിയിട്ടും ആരോപണം ആവർത്തിക്കുകയായിരുന്നു അദ്ദേഹം.

പാക് ഭീകരസംഘടനയ്ക്ക് വേണ്ടി പ്രവർത്തിച്ചുവെന്ന കുറ്റത്തിന് ബജ്‌റംഗ്ദൾ നേതാവ് ബൽറാം സിങ് അടക്കം അഞ്ച് പേരെ ആഗസ്റ്റ് 21ന് മധ്യപ്രദേശിൽ വെച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ദിഗ്വിജയ് സിങിന്റെ ആദ്യ വിമർശനം. പാകിസ്താൻ ചാര സംഘടനയായ ഐഎസ്‌ഐയിൽ നിന്ന് ബിജെപിയും ബജ്‌റംഗ്ദളും പണം പറ്റുന്നു. രാജ്യത്ത് പാകിസ്താന് വേണ്ടി ചാരപ്പണി നടത്തുന്നത് മുസ്ലിങ്ങളെക്കാൾ ഇതരമതസ്ഥരാണെന്നും ദിഗ്വിജയ് സിങ് പറഞ്ഞിരുന്നു.

ഭീകരപ്രവർത്തനത്തിന് പാക് ഫണ്ട് വാങ്ങി 2017ൽ അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയതായിരുന്നു ബജ്റംഗ്ദൾ നേതാവ് ബൽറാം സിങ്. ചാരവൃത്തി കേസിൽ രണ്ട് വർഷം മുമ്പ് ബിജെപി യുവമോർച്ചാ നേതാവായ ധ്രുവ് സക്‌സേനയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Exit mobile version