കണ്ണീരടക്കാനായില്ല; പൊട്ടിക്കരഞ്ഞ് ഐഎസ്ആർഒ ചെയർമാൻ; കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് മോഡി

ഇതുകണ്ട് വികാരമനിർഭരനായ പ്രധാനമന്ത്രി അദ്ദേഹത്തെ കെട്ടിപ്പിടിച്ച് പുറത്തുതട്ടി ആശ്വസിപ്പിച്ചു.

ബംഗളൂരു: ചന്ദ്രയാൻ-2 ദൗത്യം അവസാനഘട്ടത്തിൽ പരാജയപ്പെട്ട വിഷമം താങ്ങാനാകാതെ ശാസ്ത്ര ലോകം. വിക്രം ലാൻഡറിന്റെ ലാൻഡിങ് കാണാനായി ബംഗളൂരുവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ദൗത്യം സംബന്ധിച്ച വിവരങ്ങൾ രാജ്യത്തോട് പങ്കുവെച്ചു. പ്രധാനമന്ത്രിയുടെ ആശ്വാസവാക്കുകൾക്ക് പിന്നാലെ ഐഎസ്ആർഒ കേന്ദ്രത്തിൽ വികാരനിർഭരമായ രംഗങ്ങൾ നടന്നതും രാജ്യത്തിന് കണ്ണീരായി. രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷം പ്രധാനമന്ത്രി മടങ്ങാനൊരുങ്ങവേ യാത്ര അയക്കാൻ എത്തിയ ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ സങ്കടം സഹിക്കാനാകാതെ പൊട്ടിക്കരയുകയായിരുന്നു. ഇതുകണ്ട് വികാരമനിർഭരനായ പ്രധാനമന്ത്രി അദ്ദേഹത്തെ കെട്ടിപ്പിടിച്ച് പുറത്തുതട്ടി ആശ്വസിപ്പിച്ചു. ഇത് കണ്ടുനിന്നവരേയും കണ്ണീരിലാഴ്ത്തി.

ചന്ദ്രയാൻ രണ്ടിലെ ലാൻഡർ ലക്ഷ്യം കാണാത്തതാണ് ഐഎസ്ആർഒ ചെയർമാനെ സങ്കടത്തിലാക്കിയത്. രാജ്യം മുഴുവനും ഐഎസ്ആർഒയ്ക്കൊപ്പമുണ്ടെന്നും ശാസ്ത്രജ്ഞരുടെ പ്രവർത്തനങ്ങളെ വിലമതിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞായിരുന്നു പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. പുലർച്ചെ ദൗത്യം ലക്ഷ്യം കാണാതെ പോയതോടെ പ്രധാനമന്ത്രി ഐഎസ്ആർഒ ചെയർമാനെ ആശ്വസിപ്പിച്ചിരുന്നു. ദൗത്യം ലക്ഷ്യത്തിലെത്താത്തതിൽ അതീവ ദുഃഖിതനായായിരുന്നു ഐഎസ്ആർഒ ചെയർമാൻ. മറ്റ് ശാസ്ത്രജ്ഞരും നിരാശയിലായിരുന്നു.

എന്നാൽ ഐഎസ്ആർഒയുടെ നേട്ടങ്ങളെ രാജ്യം വിലമതിക്കുന്നുണ്ടെന്നും കൂടുതൽ കരുത്തരായി മുന്നോട്ട് പോകണമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ഉപദേശം. ശനിയാഴ്ച പുലർച്ചെ ലാൻഡറിന്റെ സിഗ്‌നൽ നഷ്ടമായത് മറ്റു ശാസ്ത്രജ്ഞരുമായി സംസാരിച്ച് സ്ഥിരീകരിച്ച ഐഎസ്ആർഒ ചെയർമാൻ പ്രധാനമന്ത്രിയുടെ അരികിലെത്തി കാര്യങ്ങൾ വിശദീകരിച്ചിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹം ഔദ്യോഗികമായി ഇക്കാര്യം രാജ്യത്തെ അറിയിച്ചത്.

Exit mobile version