പി ചിദംബരം തീഹാര്‍ ജയിലിലേക്ക്; പതിനാല് ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയാ കേസില്‍ മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം ജയിലിലേക്ക്. ചിദംബരത്തെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ഡല്‍ഹി റോസ് അവന്യൂ കോടതി ഉത്തരവിട്ടു. ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കാനാവില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

സെപ്തംബര്‍ 19 വരെയാണ് ചിദംബരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഇതോടെ അദ്ദേഹം തിഹാര്‍ ജയിലില്‍ കഴിയേണ്ടി വരും. അദ്ദേഹത്തിന്റെ ആരോഗ്യ നിലയും മുന്‍ധനമന്ത്രി എന്ന പരിഗണനയും വെച്ച് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനായ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. പ്രത്യേക സുരക്ഷയും, മരുന്നുകളും നല്‍കണമെന്നും പ്രത്യേക സെല്ലും കിടക്കയും വെസ്റ്റേണ്‍ ടോയ്ലറ്റും അനുവദിക്കണമെന്നും സിബല്‍ ആവശ്യപ്പെട്ടു. കോടതി ഈ ആവശ്യങ്ങള്‍ അംഗീകരിച്ചു.

നേരത്തേ എയര്‍സെല്‍ മാക്സിസ് കേസില്‍ ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനും സിബിഐ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കേസിലെ അന്വേഷണം അനാവശ്യമായി നീട്ടിക്കൊണ്ടുപോകുന്നതില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ആയില്ലെന്നും, ജാമ്യം നല്‍കിയാല്‍ പ്രതികള്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ഉള്ള സാധ്യത ഇല്ലെന്നും കോടതി നിരീക്ഷിച്ചു.

കേസിലെ മുഖ്യപ്രതിയായ ദയാനിധി മാരനെ പോലും അറസ്റ്റ് ചെയ്തിട്ടില്ല. പിന്നെ എന്തിനാണ് ചിദംബരത്തെയും കര്‍ത്തിയെയും അറസ്റ്റ് ചെയ്യാന്‍ തിടുക്കം. ഇരട്ട നീതി നിയമ വാഴ്ചയ്ക്ക് എതിരാണ് എന്നും ഉത്തരവില്‍ കോടതി വിമര്‍ശിച്ചു.

Exit mobile version