പ്രധാനമന്ത്രി നരേന്ദ്ര മോഡി റഷ്യയില്‍: രണ്ട് ദിവസത്തെ സന്ദര്‍ശനം ഇന്ത്യയിലേക്ക് കൂടുതല്‍ നിക്ഷേപവും സംരംഭങ്ങളും ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട്

മോസ്‌കോ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ രണ്ട് ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിന് തുടക്കമായി. റഷ്യയിലെ വ്ളാഡിവോസ്റ്റോക്കിലെ വിമാനത്താവളത്തില്‍ എത്തിയ മോഡിയെ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ റഷ്യന്‍ സര്‍ക്കാര്‍ സ്വീകരിച്ചു.

വ്ളാഡിവോസ്റ്റോക്കില്‍ നടക്കുന്ന അഞ്ചാമത് ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തില്‍ പ്രസിഡന്റ് പുടിന്റെ ക്ഷണപ്രകാരം മോഡി മുഖ്യാതിഥിയാകും. രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപവും സംരംഭങ്ങളും ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് മോഡിയുടെ സന്ദര്‍ശനം.

പുടിനുമൊത്ത് 20ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയിലും മോഡി പങ്കെടുക്കും. 25 ഓളം കരാറുകളിലും നരേന്ദ്ര മോഡിയും വ്ളാഡിമിന്‍ പുടിനും ഒപ്പുവെക്കും. നിക്ഷേപം, വ്യവസായികം, വ്യാപാരം, ഊര്‍ജം തുടങ്ങിയ സുപ്രധാന മേഖലകളിലെ സഹകരണ വര്‍ദ്ധിപ്പിക്കുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. കൂടാതെ ഇരു നേതാക്കളും തമ്മില്‍ അന്താരാഷ്ട്ര-ആഭ്യന്തര വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.

കാശ്മീരിലെ രാഷ്ട്രീയ സാഹചര്യമടക്കം ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച്ചയില്‍ കടന്നുവരും. റഷ്യയുടെ വിദൂര കിഴക്കന്‍ മേഖലയായ വ്ളാഡിവോസ്റ്റോക് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോഡി.

റഷ്യയിലെ സ്വെസ്ദാ കപ്പല്‍ നിര്‍മാണശാലയും പ്രധാനമന്ത്രി സന്ദര്‍ശിക്കും. കപ്പല്‍ നിര്‍മാണമേഖലയില്‍ റഷ്യന്‍ വൈദഗ്ധ്യം മനസിലാക്കുകയും സഹകരണ സാധ്യതകള്‍ തേടുകയുമാണ് ലക്ഷ്യം. സാംസ്‌കാരിക സഹകരണത്തിന്റെ ഭാഗമായി, ഗാന്ധിജിയുടെ 150-ാം ജയന്തിയോടനുബന്ധിച്ചുള്ള സ്റ്റാമ്പും പ്രകാശനം ചെയ്യും.

Exit mobile version