എഎപി എംഎല്‍എ അല്‍ക ലാംബ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി: കോണ്‍ഗ്രസിലേക്കെന്ന് സൂചന

ന്യൂഡല്‍ഹി: ആംആദ്മി എംഎല്‍എ അല്‍ക ലാംബ കോണ്‍ഗ്രസിലേക്കെന്ന് സൂചന. അല്‍ക കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അല്‍കയുടെ നീക്കം.

എഎപിയില്‍ നിന്ന് രാജി വെക്കുമെന്ന് അല്‍ക കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഔദ്യോഗികമായി രാജിക്കത്ത് നല്‍കിയിട്ടില്ല. അടുത്ത വര്‍ഷം നടക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും പ്രഖ്യാപിക്കുകയുണ്ടായി. ചാന്ദിനി ചൗകില്‍നിന്നുള്ള എംഎല്‍എയാണ് അല്‍ക.

കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന അല്‍ക 2014ലാണ് എഎപിയിലെത്തിയത്. എഎപിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്നില്ല. എഎപിയില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യമില്ലെന്ന് അല്‍ക നേരത്തെ വിമര്‍ശിക്കുകയുണ്ടായി.

പിന്നാലെ അല്‍ക ആം ആദ്മിയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും പുറത്താക്കപ്പെട്ടു. പാര്‍ട്ടിയില്‍ അവഗണന നേരിടുകയാണെന്നും അല്‍ക പറഞ്ഞിരുന്നു. പിന്നാലെയാണ് സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച.

Exit mobile version