പീഡന ആരോപണമുന്നയിച്ച വിദ്യാര്‍ഥിനിയെ കാണാതായ സംഭവം: സ്വാമി ചിന്മയാനന്ദക്കെതിരെ സുപ്രീംകോടതി കേസെടുത്തു

മുംബൈ: പീഡന ആരോപണമുന്നയിച്ച വിദ്യാര്‍ഥിനിയെ കാണാതായ സംഭവത്തില്‍
മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദക്കെതിരെ സുപ്രീംകോടതി സ്വമേധയാ കേസ് എടുത്തു. ഒരു കൂട്ടം വനിതാ അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ ശനിയാഴ്ചയാണ് സ്വാമി ചിന്മയാനന്ദിനെതിരെ പീഡന ആരോപണം ഉന്നയിച്ച് ഷാജഹാന്‍പൂര്‍ എസ്എസ് നിയമ കോളജിലെ വിദ്യാര്‍ത്ഥി പ്രധാനമന്ത്രിക്കും യോഗി ആദിത്യനാഥിനും വീഡിയോ സന്ദേശം അയച്ചത്. തൊട്ടടുത്ത ദിവസം മുതല്‍ പെണ്‍കുട്ടിയെ കാണാതായി. കുടുംബം പരാതി നല്‍കിയെങ്കിലും പരിഗണിക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല.

പ്രതിഷേധം ശക്തമായതോടെയാണ് സ്വാമി ചിന്മയാനന്ദിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഷാജഹാന്‍പൂര്‍ പൊലീസ് തയ്യാറായത്. തട്ടിക്കൊണ്ട് പോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. പിന്നാലെയാണ് സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്.

കേസെടുക്കാന്‍ വൈകിയതിലും പെണ്‍കുട്ടിയെ കണ്ടെത്താനാകാത്തതിലും പൊലീസിനെതിരെ പ്രതിഷേധം ശക്തമാണ്. ബി.ജെ.പി നേതാക്കള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ സുരക്ഷിതരല്ലെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു. ഉന്നാവോ കേസില്‍ കുല്‍ദീപ് സെനഗറിനെ കുടുക്കിയപോലെ തന്നെയും കുടുക്കാന്‍ ശ്രമം നടക്കുന്നു എന്നാണ് സ്വാമി ചിന്മയാനന്ദിന്റെ പ്രതികരണം. വാജ്പേയി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന സ്വാമി ചിന്മയാനന്ദിനെതിരെ നേരത്തെയും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

Exit mobile version