ഉടന്‍ ജോലിയില്‍ പ്രവേശിക്കണം; കണ്ണന്‍ ഗോപിനാഥന് നോട്ടീസ്

ദാമന്‍ ദിയു ഭരണകൂടമാണ് നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ചെന്നറിയിച്ച കണ്ണന്‍ പ്രതികരണമറിയിക്കാന്‍ തയ്യാറായിട്ടില്ല.

ദാമന്‍: സ്വതന്ത്രമായി അഭിപ്രായം പറയാന്‍ പദവി തടസമാകുന്നുവെന്ന് കാണിച്ച് രാജിവെച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥന് നോട്ടീസ്. ഉടന്‍ ജോലിയില്‍ തിരിച്ച് പ്രവേശിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. രാജിക്കാര്യത്തില്‍ തീരുമാനമാകുന്നതുവരെ ജോലിയില്‍ തുടരാനാണ് നോട്ടീസിലെ പ്രധാന ആവശ്യം.

കേന്ദ്രഭരണപ്രദേശങ്ങളായ ദാമന്‍ ദിയു, ദാദ്രനദര്‍ ഹവേലി എന്നിവിടങ്ങളിലെ വൈദ്യുത പാരമ്പര്യേത-ഊര്‍ജവകുപ്പ് സെക്രട്ടറി സ്ഥാനത്തിരിക്കെയാണ് അദ്ദേഹം രാജിസന്നദ്ധത അറിയിച്ചത്. ജമ്മു കാശ്മീര്‍ വിഷയത്തില്‍ സ്വതന്ത്ര അഭിപ്രായം രേഖപ്പെടുത്താന്‍ പദവി തടസമാകുന്നുവെന്ന് കണ്ടതോടെ ഓഗസ്റ്റ് 21-ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു രാജിക്കത്ത് നല്‍കുകയായിരുന്നു.

രാജിക്കത്ത് സ്വീകരിച്ചുകഴിഞ്ഞ ശേഷമേ രാജി നിലവില്‍ വരൂവെന്നും സില്‍വാസയില്‍ അദ്ദേഹം താമസിച്ചിരുന്ന ഗസ്റ്റ്ഹൗസിന്റെ വാതിലില്‍ പതിപ്പിച്ച നോട്ടീസില്‍ പറയുന്നു. ദാമന്‍ ദിയു ഭരണകൂടമാണ് നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ചെന്നറിയിച്ച കണ്ണന്‍ പ്രതികരണമറിയിക്കാന്‍ തയ്യാറായിട്ടില്ല. അതേസമയം പ്രളകാലത്ത് കേരളത്തില്‍ വന്ന് സേവനം നടത്തിയതിലും കേന്ദ്രം അതൃപ്തി രേഖപ്പെടുത്തിയിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Exit mobile version