അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു, സര്‍ക്കാരിനെ വിമര്‍ശിച്ചു; രാജിവെച്ച കണ്ണന്‍ ഗോപിനാഥനെതിരെ കേന്ദ്രസര്‍ക്കാരിന്റെ കുറ്റപത്രം

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇമെയില്‍ വഴിയാണ് കുറ്റപത്രം അയച്ചിരിക്കുന്നത്.

ന്യൂഡല്‍ഹി: ‘അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു, കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു’ രാജിവെച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെതിരെ കേന്ദ്ര സര്‍ക്കാരിന്റെ കുറ്റപത്രം. അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു, സര്‍ക്കാരിനെ വിമര്‍ശിച്ചു, ആത്മാര്‍ഥമായി കൃത്യനിര്‍വഹണം നടത്തിയില്ല തുടങ്ങിയ ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെയുള്ള കുറ്റപത്രത്തില്‍ പറയുന്നത്.

ഈ നടപടികള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തിയെന്നും ആരോപണമുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇമെയില്‍ വഴിയാണ് കുറ്റപത്രം അയച്ചിരിക്കുന്നത്. 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന കണ്ണന്‍ ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ ധിക്കാരപരമായ തന്ത്രങ്ങള്‍ പ്രയോഗിക്കുകയും അനുസരണക്കേട് പ്രകടിപ്പിക്കുകയും ചെയ്തുവെന്നാണ് പ്രധാന ആരോപണം.

മാധ്യമങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയും സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു, കൃത്യസമയത്ത് ഫയല്‍ ഹാജരാക്കിയില്ല, ഭൂഗര്‍ഭ കേബിള്‍ പദ്ധതി കൃത്യസമയത്ത് പൂര്‍ത്തിയാക്കിയില്ല, കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല, പ്രധാനമന്ത്രിയുടെ എക്സലന്‍സ് പുരസ്‌കാരത്തിന് അപേക്ഷിച്ചില്ല തുടങ്ങിയവും കണ്ണന്‍ ഗോപിനാഥന്റെ മേല്‍ ചാര്‍ത്തി നല്‍കിയിട്ടുണ്ട്. ജമ്മു കാശ്മീര്‍ വിഷയത്തില്‍ അഭിപ്രായ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം രാജിവെച്ചത്.

Exit mobile version