വീട്ടുതടങ്കലില്‍ കഴിയുന്ന നേതാക്കളെ കാണാന്‍ ശ്രമിച്ചു; രാഹുലിനെ മടക്കി അയച്ചതിന് വിശദീകരണവുമായി കാശ്മീര്‍ ഗവര്‍ണര്‍

ശനിയാഴ്ചയാണ് കാശ്മീര്‍ സന്ദര്‍ശനത്തിനായി രാഹുലിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘം എത്തിയത്.

ശ്രീനഗര്‍: കാശ്മീര്‍ സന്ദര്‍ശനത്തിന് എത്തിയ രാഹുല്‍ ഗാന്ധിയെയും പ്രതിപക്ഷ സംഘത്തെയും മടക്കി അയച്ച സംഭവത്തില്‍ വിശദീകരണവുമായി ജമ്മു ഗവര്‍ണര്‍ സത്യപാല്‍ മാലിക്. ജമ്മുവില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന നേതാക്കളെ കാണാന്‍ ശ്രമിച്ചതിനാലാണ് രാഹുലിനെയും സംഘത്തെയും മടക്കി അയച്ചതെന്നാണ് ഗവര്‍ണറുടെ വിശദീകരണം.

കാശ്മീരിലെ സ്ഥിതി ഗതികള്‍ നേരിട്ടെത്തി മനസ്സിലാക്കാനാണ് താന്‍ രാഹുലിനോട് ആവശ്യപ്പെട്ടത്. എന്നാല്‍, രാഹുല്‍ ശ്രമിച്ചത് വീട്ടുതടങ്കലിലുള്ള നേതാക്കളെ കാണാനാണ്. ഈ കാരണം കൊണ്ടാണ്
അദ്ദേഹത്തെയും സംഘത്തെയും മടക്കി അയച്ചതെന്നാണ് ഗവര്‍ണര്‍ സത്യപാല്‍ മാലിക് പറയുന്നത്.

ശനിയാഴ്ചയാണ് കാശ്മീര്‍ സന്ദര്‍ശനത്തിനായി രാഹുലിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘം എത്തിയത്. എന്നാല്‍, ഇവരെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടയുകയും, തുടര്‍ന്ന് മടക്കി അയക്കുകയുമായിരുന്നു. മാധ്യമങ്ങളെ കാണാന്‍ പോലും അനുവദിച്ചില്ല.

നേതാക്കളുടെ സന്ദര്‍ശനം സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികളെ ബാധിക്കുമെന്ന് അറിയിച്ചാണ് ജമ്മുകാശ്മീര്‍ ഭരണകൂടം പ്രതിപക്ഷ സംഘത്തെ തിരിച്ചയച്ചത്. രാഹുല്‍ ഗാന്ധിയെ കൂടാതെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ് , ആനന്ദ് ശര്‍മ്മ , കെസി വേണുഗോപാല്‍ ഉള്‍പ്പടെ പന്ത്രണ്ട് പേര്‍ അടങ്ങുന്ന സംഘത്തെയാണ് തിരിച്ചയച്ചത്.

കാശ്മീരില്‍ നേരിട്ടെത്തി സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ രാഹുല്‍ ഗാന്ധിയെ ഗവര്‍ണര്‍ നേരത്തെ ക്ഷണിച്ചിരുന്നു. കാശ്മീര്‍ സന്ദര്‍ശിക്കാന്‍ വിമാനം വിട്ടുതരാമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. വിമാനം ആവശ്യമില്ലെന്നും ക്ഷണം സ്വീകരിക്കുകയാണെന്നും രാഹുല്‍ പ്രതികരിച്ചു. തുടര്‍ന്നാണ് രാഹുലും മറ്റു പ്രതിപക്ഷ നേതാക്കളും കാശ്മീരിലേക്ക് പോയത്.

Exit mobile version