ജമ്മു സന്ദര്‍ശനം; രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞു

മാധ്യമങ്ങളെ കാണുന്നതും വിലക്കിയിരിക്കുകയാണ്.

ശ്രീനഗര്‍: പ്രത്യേക പദവി എടുത്ത് കളഞ്ഞതിനു ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജമ്മു കാശ്മീരിലെത്തിയ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞു. മാധ്യമങ്ങളെ കാണുന്നതും വിലക്കിയിരിക്കുകയാണ്.

രാഹുല്‍ ഗാന്ധിയെ കൂടാതെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ് , ആനന്ദ് ശര്‍മ്മ , കെസി വേണുഗോപാല്‍ ഉള്‍പ്പടെ പന്ത്രണ്ട് പേരെയാണ് വിമാനത്താവളത്തില്‍ തടഞ്ഞത്.

കാശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികളെ നേതാക്കളുടെ സന്ദര്‍ശനം പ്രതികൂലമായി ബാധിക്കുമെന്നാണ് ജമ്മു കാശ്മീര്‍ ഭരണകൂടം അറിയിക്കുന്നത്. ഭീകരുടെ ഭീഷണി നേരിടുന്ന മനുഷ്യരുടെ ജീവന്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കുകയുമാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ പരിഗണനയെന്ന് ജമ്മു കാശ്മീര്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പ് ട്വീറ്റ് ചെയ്തു. പ്രതിപക്ഷ സംഘത്തെ തിരിച്ചയക്കാനുള്ള നടപടികളിലേക്കാണ് ഭരണകൂടം ശ്രമിക്കുന്നത്.

എന്നാല്‍, സന്ദര്‍ശനം വിലക്കി കൊണ്ട് സര്‍ക്കാരില്‍ നിന്ന് ഒരു അറിയിപ്പും ലഭിച്ചില്ലെന്നാണ് നേതാക്കളുടെ പ്രതികരണം. തടങ്കലിലുള്ള നേതാക്കളെയും ജനങ്ങളെയും കണ്ട് സ്ഥിതി നേരിട്ട് വിലയിരുത്തുകയെന്നതാണ് സംഘത്തിന്റെ ലക്ഷ്യമെന്നും പ്രശ്‌നങ്ങളുണ്ടാക്കാനല്ല പോകുന്നതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പ്രതികരിച്ചു.

സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ പശ്ചാത്തലത്തില്‍, നേരിട്ടെത്തി സംസ്ഥാനത്തിന്റെ സ്ഥിതി വിലയിരുത്താന്‍ ഗവര്‍ണര്‍ സത്യപാലിക് മാലിക്ക് നേരത്തെ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഈ നിര്‍ദ്ദേശം ഗവര്‍ണര്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.

Exit mobile version