ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രത്തിനാകും; പൂർണ്ണവിശ്വാസമുണ്ട്; മോഡി സർക്കാരിനെ വാഴ്ത്തി കെജരിവാൾ

തൊഴിൽ നഷ്ടത്തെ കുറിച്ചാലോചിച്ച് ആശങ്കയുണ്ടെന്നും കെജരിവാൾ പറഞ്ഞു.

ന്യൂഡൽഹി: കേന്ദ്ര സർക്കാരിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രത്തിനാകുമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. രാജ്യം ഒറ്റക്കെട്ടായി നിന്ന് പ്രശ്‌നം പരിഹരിക്കേണ്ട സാഹചര്യമാണുള്ളതെന്നും കെജരിവാൾ പറഞ്ഞു.

സമ്പദ് വ്യവസ്ഥയിലെ പ്രശ്‌നപരിഹാരത്തിനായി കേന്ദ്രത്തിന്റെ ഏത് നടപടികൾക്കും ഡൽഹി സർക്കാരിന്റെ പൂർണ്ണപിന്തുണയുണ്ടാകും. വരും സമയങ്ങളിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉറച്ച നടപടികളുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, തൊഴിൽ നഷ്ടത്തെ കുറിച്ചാലോചിച്ച് ആശങ്കയുണ്ടെന്നും കെജരിവാൾ പറഞ്ഞു.

ഓട്ടോമൊബൈൽ, ടെക്‌സ്‌റ്റൈൽ, റിയൽ എസ്‌റ്റേറ്റ് മേഖലകളിലെല്ലാം മാന്ദ്യം കൂടുതലാണെന്നും കെജരിവാൾ നിരീക്ഷിച്ചു.

നേരത്തെ കാശ്മീർ വിഷയത്തിലെ കേന്ദ്രസർക്കാർ നിലപാടിനേയും കെജരിവാൾ പിന്തുണച്ചിരുന്നു. കോൺഗ്രസും ഭൂരിപക്ഷം പ്രതിപക്ഷ പാർട്ടികളും ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ എതിർത്തപ്പോൾ മോഡിയെ വാഴ്ത്തുന്ന നിലപാടാണ് കെജരിവാൾ കൈക്കൊണ്ടത്. ഒന്നാം മോഡി സർക്കാരിന്റെ ഏറ്റവും വലിയ വിമർശകരിൽ ഒരാളായിരുന്നു അന്ന് കെജരിവാൾ എന്നതും ശ്രദ്ധേയമാണ്. ഡൽഹിയിൽ തെരഞ്ഞെടുപ്പ് അടുക്കവെ മോഡിയോടും ബിജെപിയോടും മൃദുസമീപനമാണ് കെജരിവാൾ കൈക്കൊണ്ടിരിക്കുന്നത്.

Exit mobile version