സവർക്കറുടെ പ്രതിമയിൽ ചെരുപ്പുമാല അണിയിച്ച് എൻഎസ്‌യുഐ

എബിവിപി നേതാക്കളാണ് പ്രതിമ സ്ഥാപിച്ചത്.

ന്യൂഡൽഹി: ആർഎസ്എസ് നേതാവ് സവർക്കറുടെ പ്രതിമയിൽ ചെരുപ്പുമാല അണിയിച്ച് കോൺഗ്രസ് വിദ്യാർത്ഥി സംഘടനയായ നാഷണൽ സ്റ്റുഡൻറ്‌സ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ്‌യുഐ) നേതാക്കളുടെ പ്രതിഷേധം. ഡൽഹി യൂണിവേഴ്‌സിറ്റിയുടെ ഗേറ്റിന് പുറത്ത് സ്ഥാപിച്ച പ്രതിമയിലാണ് ഇന്നലെ അർദ്ധരാത്രി എൻഎസ്‌യുഐ നേതാക്കൾ മാലയണിയിച്ചത്. എബിവിപി നേതാക്കളാണ് പ്രതിമ സ്ഥാപിച്ചത്.

എബിവിപിയുടെ നേതൃത്വത്തിലെ ഡൽഹി യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി യൂണിയനാണ് യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷന്റെ അനുവാദമില്ലാതെ സവർക്കറുടെ പ്രതിമ സ്ഥാപിച്ചത്. യൂണിയൻ പ്രസിഡന്റ് ശക്തി സിങാണ് പ്രതിമ അനാഛാദനം ചെയ്തത്.

പ്രതിമ സ്ഥാപിക്കാനായി പലതവണ അഡ്മിനിസ്‌ട്രേഷനെ സമീപിച്ചിട്ടും മറുപടി ലഭിക്കാത്തതിനാലാണ് പ്രതിമ സ്ഥാപിച്ചതെന്ന് ശക്തി സിങ് പറഞ്ഞു. യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷന് ധാരാളം കത്തുകളെഴുതി. മാർച്ചിൽ വൈസ് ചാൻസലറെ കണ്ടു. യുവാക്കളെ പ്രചോദിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് പ്രതിമ സ്ഥാപിച്ചതെന്നാണ് എബിവിപിയുടെ അവകാശവാദം.

Exit mobile version