നിയമസഭയില്‍ നിന്നും കാണാതായ കംപ്യൂട്ടറുകളും എയര്‍കണ്ടീഷണറുകളും മുന്‍സ്പീക്കറുടെ വസതിയില്‍; മോഷണം തന്നെയെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ്

കോഡെല ശിവപ്രസാദ് റാവുവിന്റെ ക്യാമ്പ് ഓഫീസായി പ്രവര്‍ത്തിക്കുന്ന സത്തേനപള്ളിയിലെ വസതിയിലേക്കാണ് ഫര്‍ണ്ണീച്ചറുകളും കംപ്യൂട്ടറുകളും കൊണ്ടുപോയത്

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് നിയമസഭയില്‍ നിന്നും കാണാതായ കംപ്യൂട്ടറുകളും എയര്‍കണ്ടീഷണറുകളും മുന്‍സ്പീക്കറുടെ വസതിയില്‍. മുന്‍ നിയമസഭ സ്പീക്കറും തെലുങ്കുദേശം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ കോഡെല ശിവപ്രസാദ് റാവുവിന്റെ വസതിയിലേക്കാണ് ഉപകരണങ്ങള്‍ കടത്തിയത്. മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ വന്നതോടെയാണ് ഇലക്ട്രിക് ഉപകരണങ്ങളും ഫര്‍ണ്ണീച്ചറുകളും തന്റെ വസതിയിലുണ്ടെന്ന് ശിവപ്രസാദ് സമ്മതിച്ചത്.

കോഡെല ശിവപ്രസാദ് റാവുവിന്റെ ക്യാമ്പ് ഓഫീസായി പ്രവര്‍ത്തിക്കുന്ന സത്തേനപള്ളിയിലെ വസതിയിലേക്കാണ് ഫര്‍ണ്ണീച്ചറുകളും കംപ്യൂട്ടറുകളും കൊണ്ടുപോയത്. ആന്ധ്രാപ്രദേശിലെ നിയമസഭ മന്ദിരം ഹൈദരാബാദില്‍ നിന്നും അമരാവതിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. ഈ നടപടികളുടെ മറവിലാണ് ശിവപ്രസാദ് റാവു ഇവയെല്ലാം സ്വവസതിയിലേക്ക് കടത്തിയത്.

എന്നാല്‍ ഫര്‍ണ്ണീച്ചറുകളും കംപ്യൂട്ടറുകളും താന്‍ കടത്തിയിട്ടില്ലെന്നും അതെല്ലാം സുരക്ഷിതമായി സംരക്ഷിക്കാനായി തന്റെ വസതിയിലേക്ക് താത്കാലികമായി കൊണ്ടുവന്നതാണെന്നുമാണ് മുന്‍ സ്പീക്കറുടെ വിശദീകരണം. ഫര്‍ണ്ണീച്ചറുകളുടെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്താനാണ് ഇത് ചെയ്തതെന്നും എപ്പോള്‍ വേണമെങ്കിലും ഇവ കൈമാറാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇനി പണം വേണമെങ്കില്‍ അതും നല്‍കാമെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഇവയെല്ലാം കൊണ്ടുപോകാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടും അവരുടെ ഭാഗത്തു നിന്നും ഒരു പ്രതികരണവുമുണ്ടായില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ നിയമസഭയില്‍ നിന്നും കംപ്യൂട്ടറുകളും എയര്‍കണ്ടീഷനും ഫര്‍ണ്ണീച്ചറുകളുമൊക്കെ കാണാതായതിന് പിന്നാലെ കോഡെല ശിവപ്രസാദിന് കത്തയച്ചെങ്കിലും അദ്ദേഹം മറുപടിയൊന്നും നല്കിയില്ലെന്നും ഇതിന് പിന്നാലെയാണ് പോലീസില്‍ പരാതി നല്‍കിയതെന്നും നിയമസഭ സെക്രട്ടറി പ്രതികരിച്ചു.

സംഭവത്തില്‍ പ്രതിഷേധവമായി വൈഎസ്ആര്‍ കോണ്‍ഗ്രസ് രംഗത്തെത്തി. കോഡെല ശിവപ്രസാദ് റാവു ചെയ്തത് മോഷണം തന്നെയാണെന്നും അദ്ദേഹത്തിനെതിരെ നടപടി വേണമെന്നുമാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം.

Exit mobile version