സുഷമ സ്വരാജിന് ഇന്ന് രാജ്യം വിട നൽകും; ബിജെപി ആസ്ഥാനത്ത് പൊതുദർശനം; വൈകീട്ട് ഡൽഹിയിൽ സംസ്‌കാര ചടങ്ങുകൾ

ന്യൂഡൽഹി: അന്തരിച്ച മുൻ വിദേശകാര്യ മന്ത്രിയും ബിജെപി നേതാവുമായ സുഷമ സ്വരാജിന്റെ ഭൗതിക ശരീരം ഡൽഹിയിലെ വസതിയിലെത്തിച്ചു. എയിംസിൽനിന്ന് പുലർച്ചെയോടെയാണ് സ്വവസതിയിലേക്ക് എത്തിച്ചത്. സംസ്‌കാര ചടങ്ങുകൾ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകിട്ട് ഡൽഹിയിലെ റോഡ് വൈദ്യുത ലോധി ശ്മശാനത്തിൽ നടക്കും. മൃതദേഹം ഇന്ന് രാവിലെ 11 മണി വരെ പൊതുദർശനത്തിനായി ഡൽഹിയിലെ വസതിയിലും 12 മുതൽ മൂന്ന് മണി വരെ ബിജെപി ആസ്ഥാനത്തും വെയ്ക്കും.

ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച രാത്രിയോടെയാണ് ഡൽഹി എയിംസ് ആശുപത്രിയിൽ വെച്ച് സുഷമ സ്വരാജ് അന്തരിച്ചത്. 67 വയസ്സായിരുന്നു. സുഷമ സ്വരാജിന്റെ വിയോഗമറിഞ്ഞ് കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും എയിംസ് ആശുപത്രിയിലെത്തിയിരുന്നു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, നിർമലാ സീതാരാമൻ, എസ് ജയശങ്കർ, രവിശങ്കർ പ്രസാദ്, ഹർഷവർധൻ, പ്രകാശ് ജാവേദ്ക്കർ, സ്മൃതി ഇറാനി തുടങ്ങിയവരും ആശുപത്രിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പേർ വസതിയിലെത്തി സുഷമ സ്വരാജിന് ആദരാഞ്ജലി അർപ്പിച്ചു.

സോഷ്യലിസ്റ്റ് നേതാവും മിസോറം മുൻ ഗവർണറും സുപ്രീംകോടതി മുതിർന്ന അഭിഭാഷകനുമായ സ്വരാജ് കൗശലാണ് സുഷമയുടെ ഭർത്താവ്. രാജ്യസഭയിൽ ഒരേ കാലത്ത് അംഗങ്ങളായിരുന്ന ദമ്പതികളെന്ന ബഹുമതിയും ഇവർക്കുണ്ട്. ബൻസൂരി ഏക പുത്രി.

ആദ്യ നരേന്ദ്ര മോഡി മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായിരുന്നു സുഷമ സ്വരാജ്. ഡൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും ഹരിയാനയിലെ പ്രായം കുറഞ്ഞ മന്ത്രിയുമായിരുന്നു. മുതിർന്ന ബിജെപി നേതാവ്, ലോക്‌സഭയിലെ മുൻപ്രതിപക്ഷ നേതാവ്, ഡൽഹി മുൻ മുഖ്യമന്ത്രി, രണ്ടു തവണ ഹരിയാനയിൽ സംസ്ഥാന മന്ത്രി. നാല് ബിജെപി സർക്കാരിൽ മന്ത്രിയുമായിരുന്നു.

Exit mobile version