വാടക ഗര്‍ഭണധാരണ നിയന്ത്രിത ബില്‍; കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

സാമ്പത്തിക നേട്ടത്തിനായി നടത്തുന്ന വാടക ഗര്‍ഭധാരണം ഒരു കച്ചവടമായി വ്യാപിച്ചതോടെയാണ് ഗര്‍ഭധാരണം നിരോധിക്കാന്‍ നിര്‍ദേശിയ്ക്കുന്ന ബില്‍ കേന്ദ്രമന്ത്രി സഭാ യോഗത്തില്‍ അംഗീകരിച്ചത്

ന്യൂഡല്‍ഹി: വാടക ഗര്‍ഭധാരണത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ട് വാടക ഗര്‍ഭധാരണ നിയന്ത്രണ ബില്‍ കേന്ദ്രമന്ത്രിസഭ യോഗത്തില്‍ അംഗീകരിച്ചു. സാമ്പത്തിക നേട്ടത്തിനായി നടത്തുന്ന വാടക ഗര്‍ഭധാരണം ഒരു കച്ചവടമായി വ്യാപിച്ചതോടെയാണ് ഗര്‍ഭധാരണം നിരോധിക്കാന്‍ നിര്‍ദേശിയ്ക്കുന്ന ബില്‍ കേന്ദ്രമന്ത്രി സഭാ യോഗത്തില്‍ അംഗീകരിച്ചത്.

വാടക ഗര്‍ഭധാരണത്തിന് അനുബന്ധമായി വ്യാപിയ്ക്കുന്ന ചൂഷണവും കച്ചവടവും നിയന്ത്രിക്കുകയാണ് പ്രധാന ലക്ഷ്യം. ബില്‍ അനുസരിച്ച് വാടക ഗര്‍ഭധാരണം നിയന്ത്രിക്കാന്‍ ദേശീയ, സംസ്ഥാന തലങ്ങളില്‍ ബോര്‍ഡുകള്‍ രൂപീകരിക്കും. ബില്‍ പ്രാബല്യത്തില്‍ വന്നതോടെ വാടക ഗര്‍ഭധാരണം ആവശ്യമുള്ള ദമ്പതികള്‍ക്ക് അവരുടെ അടുത്ത ബന്ധുക്കള്‍ക്കു മാത്രമെ നടത്താന്‍ അനുവാദം നല്‍കുന്നുള്ളു. വാടക ഗര്‍ഭധാരണം ദുരുപയോഗം വ്യാപകമായ സാഹചര്യത്തിലാണ് ബില്‍ കേന്ദ്രമന്ത്രിസഭ അംഗികരിച്ചത്.

കേന്ദ്രമന്ത്രി സഭ അംഗീകരിച്ച ബില്‍ അനുസരിച്ച് വാടക ഗര്‍ഭധാരണത്തിനുള്ള അവകാശം നിയമപരമായി വിവാഹിതരായ ഇന്ത്യന്‍ പൗരന്‍മാരായ ദമ്പതികള്‍ക്കു മാത്രമായിരിക്കും. വിവാഹിതരായി കഴിയുന്നതും 5 വര്‍ഷത്തിനു ശേഷവും മക്കളില്ലാത്ത ദമ്പതികള്‍ക്കു വാടക ഗര്‍ഭധാരണം ഉപയോഗിക്കാം. എന്നാല്‍ തങ്ങള്‍ക്കു കുട്ടികളുണ്ടാവില്ലെന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ബില്ലില്‍ പറയുന്നുണ്ട്.

വാടക ഗര്‍ഭപാത്രത്തിന് അപേക്ഷിക്കുന്ന ദമ്പതികളില്‍ ഭാര്യയുടെ പ്രായം 23-50 വരെയും ഭര്‍ത്താവിന്റെ പ്രായം 26-55 യും ആയിരിക്കണം. സ്ത്രീ വിവാഹിതയും ആരോഗ്യമുള്ള കുഞ്ഞിന്റെ അമ്മയും ആയിരിക്കണം. ഒരു സ്ത്രീക്ക് ഒരു തവണ മാത്രമേ ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കാനാകൂ.

വിദേശ ഇന്ത്യക്കാര്‍, ഇന്ത്യന്‍ വംശജര്‍, വിദേശികള്‍ എന്നിവര്‍ വാടക ഗര്‍ഭധാരണം വഴി മാതാപിതാക്കളാകുന്നതിനെ ബില്‍ വിലക്കുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് 5 വര്‍ഷം തടവും 5 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ബില്ല് ഉടന്‍ പര്‍ലമെന്റില്‍ അവതരിപ്പിയ്ക്കും.

Exit mobile version