വേനലില്‍ വെന്തുരുകി കേരളം; സൂര്യാഘാതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മന്ത്രിസഭാ യോഗം ഇന്ന് പരിഗണിക്കും

സൂര്യാഘാതമേറ്റ് മരണമടയുന്നവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പെരുമാറ്റ ചട്ടത്തില്‍ ഇളവു വരുത്തണമെന്ന് മന്ത്രിസഭാ യോഗം തെരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെട്ടേക്കും

തിരുവനന്തപുരം: കൊടും ചൂടില്‍ വെന്തുരുകയാണ് കേരളം. സംസ്ഥാനത്ത് സൂര്യാഘാതം ഏല്‍ക്കുന്നവരുടെ എണ്ണം അനുദിനം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ കൊടും ചൂടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ പരിഗണിക്കും.

സംസ്ഥാനത്ത് ഇപ്പോഴും സൂര്യാഘാതം ഉണ്ടാകുമെന്ന ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രത നിര്‍ദേശം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ട കരുതല്‍ നടപടികളെ കുറിച്ചും മന്ത്രി സഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യും. സൂര്യാഘാതമേറ്റ് മരണമടയുന്നവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പെരുമാറ്റ ചട്ടത്തില്‍ ഇളവു വരുത്തണമെന്ന് മന്ത്രിസഭാ യോഗം തെരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെട്ടേക്കും. സംസ്ഥാനത്തെ തൊഴില്‍ സമയം ക്രമീകരിച്ചത് കര്‍ശനമായി നടപ്പാക്കുന്ന കാര്യവും മന്ത്രിസഭാ യോഗം പരിഗണിക്കും.

അതേസമയം സംസ്ഥാനത്ത് നാളെ വരെ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്ന് 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിട്ടുണ്ട്. കഴിവതും രാവിലെ പതിനൊന്ന് മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെ നേരിട്ട് വെയിലേല്‍ക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Exit mobile version