കാശ്മീരില്‍ രാഷ്ട്രപതി ഭരണം തുടരും; ബില്ല് രാജ്യസഭ പാസ്സാക്കി

ന്യൂഡല്‍ഹി: ജമ്മുകാശ്മീരില്‍ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് നീട്ടാനുള്ള ബില്ല് രാജ്യസഭയില്‍ പാസ്സാക്കി. പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും ബില്‍ പാസാക്കുകയായിരുന്നു

കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും രാജ്യത്ത് നിന്ന് കാശ്മീരിനെ പറിച്ചുമാറ്റാന്‍ ആര്‍ക്കും കഴിയില്ലെന്നും ബില്ലവതരിപ്പിച്ചു കൊണ്ട് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

തീവ്രവാദത്തോട് സഹിഷ്ണുത കാണിയ്ക്കാത്ത നയമാണ് കേന്ദ്രസര്‍ക്കാരിന്റേത്. ജമ്മു കാശ്മീരില്‍ വികസനം കൊണ്ടുവരാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമണ്. ഇന്ത്യയെ നശിപ്പിക്കും എന്ന് പറയുന്നവര്‍ക്കെല്ലാം അര്‍ഹിക്കുന്ന മറുപടി അതേഭാഷയില്‍ കിട്ടും. കാശ്മീരി പണ്ഡിറ്റുകള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ സൂഫികള്‍ അവര്‍ക്കൊപ്പം നില്‍ക്കുന്ന ഒരു ജമ്മു കാശ്മീരിന്റെ കാലം വരുമെന്ന് അമിത് ഷാ പറഞ്ഞു.

സംസ്ഥാനത്തെ ജോലികളിലും പഠന കോഴ്‌സുകളിലും സംവരണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സംവരണ ഭേദഗതി ബില്ലും രാജ്യസഭ പാസാക്കി. ഈ രണ്ട് ബില്ലുകളും നേരത്തേ ലോക്‌സഭ പാസ്സാക്കിയിരുന്നതാണ്. ഇനി ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയക്കും. രാഷ്ട്രപതി അംഗീകരിച്ചാല്‍ ഇവ നിയമമാകും.

ഭരണപ്രതിസന്ധി മൂലം ഡിസംബര്‍ മുതലാണ് ഗവര്‍ണര്‍ ഭരണത്തിലായിരുന്ന കാശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.

Exit mobile version