തൃശ്ശൂര്‍: അതിരപ്പള്ളില് ബൈക്ക് റൈഡര്‍മാര്‍ക്ക് നേരെ ചിന്നംവിളിച്ച് പാഞ്ഞടുത്ത് കാട്ടാന. അതിരപ്പിള്ളി – മലക്കപ്പാറ റോഡില്‍ പെന്‍ സ്റ്റോക്ക് പൈപ്പിന് സമീപം നടന്ന സംഭവത്തില്‍ ബൈക്ക് യാത്രികര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഇന്ന് ഉച്ചയോടെയാണ് ബൈക്ക് യാത്രികര്‍ക്ക് നേരെ ചിന്നം വിളിച്ച് പിടിയാന പാഞ്ഞടുത്തത്.
ആനയെക്കണ്ട് റൈഡര്‍മാര്‍ ബൈക്കിട്ട് പിന്നിലേക്ക് ഓടി രക്ഷപ്പെട്ടു. ബൈക്ക് റൈഡര്‍മാരുടെ പിന്നിലുണ്ടായിരുന്ന കാര്‍ യാത്രികര്‍ ആന ഓടിയെത്തുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു.
ബൈക്കിലുണ്ടായിരുന്ന യുവാക്കള്‍ ഓടിമാറിയതോടെ ആന പിന്തിരിഞ്ഞ് പോകുന്നത് വീഡിയോയില്‍ കാണാം. കുറച്ചുനേരം റോഡില്‍ തുടര്‍ന്ന ശേഷം പിടിയാന കാട് കയറി. ആന പോയ ശേഷമാണ് റൈഡര്‍മാര്‍ ബൈക്കെടുത്തു പോയത്.
കഴിഞ്ഞ ആഴ്ചയും അതിരപ്പള്ളിയില്‍ ആനയുടെ ആക്രമണം ഉണ്ടായിരുന്നു. അതിരപ്പിള്ളി മേഖലയിലേക്കെത്തിയ വിനോദസഞ്ചാരികളുടെ കാറിനുനേരെയാണ് കാട്ടന പാഞ്ഞടുത്തത്. റോഡിന് ഇരുവശവും നിന്നിരുന്ന ആനക്കൂട്ടത്തില്‍ നിന്നും റോഡിലേക്ക് ഇറങ്ങിയ പിടിയാനയാണ് കാറിനു നേരെ പാഞ്ഞടുത്തത്.