കസ്റ്റഡി മരണം സംഭവിക്കാന്‍ പാടില്ല; ലോക്‌നാഥ് ബെഹ്‌റ

കോട്ടയം; പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. കസ്റ്റഡി മരണം ഒരിക്കലും സംഭവിക്കാന്‍ പാടില്ലെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തു ക്യാംപ് ചെയ്യണ്‌മെന്നും ഡിജിപി അറിയിച്ചു.

ദേശീയ മനുഷ്യാവകാശ കമ്മീഷനും സുപ്രീംകോടതിയും പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് മജിസ്‌ട്രേറ്റ് തല അന്വേഷണം നടത്തുമെന്നും ഡിജിപി വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്‌പെഷല്‍ ബ്രാഞ്ചിനോടും നിര്‍ദേശിച്ചതായി കോട്ടയം എസ് പി അറിയിച്ചു.

മണര്‍ക്കാട് സ്വദേശി നവാസിനെയാണ് പോലീസ് സ്‌റ്റേഷനിലെ ശുചിമുറിയിലെ ജനാലയില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. മദ്യപിച്ചെത്തി വീട്ടുകാരെ മര്‍ദ്ദിച്ചതിന് വീട്ടുകാര്‍ തന്നെയാണ് നവാസിനെതിരെ പരാതി നല്‍കിയത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

രാവിലെ ഒന്‍പത് മണിക്കാണ് മരണ വിവരം പുറത്ത് വന്നത്. നവാസിനെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിന് തൊട്ടു മുന്‍പാണ് സംഭവം. ശുചിമുറിയിലേക്ക് പോകണമെന്ന് നവാസ് പോലീസിനോട് ആവശ്യപ്പെടുകയായിരുന്നുവെന്നും, അരമണിക്കൂര്‍ കഴിഞ്ഞിട്ടും നവാസ് പുറത്ത്വരാതിരുന്നപ്പോള്‍ വാതില്‍ തള്ളിത്തുറക്കുകയായിരുന്നു എന്നുമാണ് പോലീസ് പറഞ്ഞത്. എന്നാല്‍ മരണം നടന്നത് പോലീസ് ഒളിപ്പിച്ചു വെച്ചു എന്ന ആരോപണവും ഉയരുന്നുണ്ട്.

Exit mobile version