അമ്മയുടെ സുഹൃത്ത് മര്‍ദ്ദിച്ച സംഭവം; ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി

'കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്നും സ്വന്തമായി ശ്വാസോച്ഛ്വാസം ചെയ്യാന്‍ കഴിയാതെ വെന്റിലേറ്ററിന്റെ സഹായത്തിലാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ദൗര്‍ഭാഗ്യകരമായ സാഹചര്യമാണ് നിലവിലുള്ളതെന്നും'

തൊടുപുഴ: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ ഏഴുവയസുകാരനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കുഞ്ഞിനെ സന്ദര്‍ശിച്ച് ശേഷം കോലഞ്ചേരി ആശുപത്രിയിലെ ഡോക്ടര്‍മാരെ കണ്ട് കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തിയ ശേഷമാണ് അദ്ദഹം ആശുപത്രിയില്‍ നിന്ന് മടങ്ങിയത്.

‘കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്നും സ്വന്തമായി ശ്വാസോച്ഛ്വാസം ചെയ്യാന്‍ കഴിയാതെ വെന്റിലേറ്ററിന്റെ സഹായത്തിലാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ദൗര്‍ഭാഗ്യകരമായ സാഹചര്യമാണ് നിലവിലുള്ളതെന്നും’ ആശുപത്രിയില്‍ നിന്ന് ഇറങ്ങിയ ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്. ഇപ്പോള്‍ ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണം കുട്ടിക്ക് നല്‍കിത്തുടങ്ങിയെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഏഴ് വയസ്സുകാരനെ ക്രൂരമായ മര്‍ദ്ദിച്ചതിന് പുറമേ കുട്ടിയെ പല തവണ പ്രതി അരുണ്‍ ലൈംഗിക അതിക്രമത്തിനും ഇരയാക്കിയിട്ടുണ്ടെന്നും കണ്ടെത്തി.

കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. സംഭവത്തില്‍ പ്രതിയ്ക്ക് എതിരെ പോക്‌സോയ്‌ക്കൊപ്പം വധശ്രമം, കുട്ടികള്‍ക്ക് എതിരായ അതിക്രമം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇളയകുട്ടിയെ മര്‍ദ്ദിച്ചതിനെതിരെ പ്രത്യേക കേസെടുക്കുന്നത് പരിഗണനയിലാണ്. തൊടപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.

Exit mobile version