അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്ക് ഇടയിലും തളരാതെ പ്രണയം! ആറുവര്‍ഷത്തെ പ്രണയത്തിന് ഒടുവില്‍ ഇന്ത്യന്‍ യുവാവും പാകിസ്താനി യുവതിയും ഒന്നായി!

ഷാര്‍ജ: ഇന്ത്യയും പാകിസ്താനും അതിര്‍ത്തിയില്‍ സംഘര്‍ഷത്തില്‍ പുകയുന്നതിനിടെ ഇരുരാജ്യങ്ങളിലെ പൗരന്മാര്‍ക്കും മനസിന് കുളിരായി ഈ പ്രണയ സാഫല്യത്തിന്റെ വാര്‍ത്ത. അതിരുകടന്ന ഈ വിവാഹത്തിലെ നായകന്‍ ഇന്ത്യക്കാരന്‍ റയാനും നായിക പാകിസ്താനി കറാച്ചി സ്വദേശി ഹബീബയുമാണ്. അതിര്‍ത്തിയില്‍ സംഘര്‍ഷം അയവില്ലാതെ തുടരവേ അതിര് കടന്നൊരു വിവാഹം. ആറുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇരുവരും ഷാര്‍ജയില്‍ വെച്ച് വിവാഹിതരാവുകയായിരുന്നു.

മുംബൈയില്‍ നിന്നുള്ള ഗുജറാത്തി യുവാവാണ് റയാന്‍, ഇപ്പോള്‍ ഷാര്‍ജയില്‍ ജീവിതം കരുപ്പിടുപ്പിക്കുകയാണ്. വധു ഹബീബയാകട്ടെ കറാച്ചി സ്വദേശിനിയും. ആദ്യം ഇരുവീട്ടുകാരും എതിര്‍ത്തെങ്കിലും ഇവരുടെ ശക്തമായ പ്രണയത്തിനു മുന്നില്‍ മുട്ടുമടക്കുകയായിരുന്നു.

ഒരുപാട് കഷ്ടതകളും പ്രയാസങ്ങളും കടന്നാണ് ഈ മനോഹര നിമിഷത്തിലേക്ക് എത്തിയതെന്ന് റയാന്‍ പറഞ്ഞു. അതുകൊണ്ട് തന്നെ ഇരുരാജ്യങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്ന സംഘര്‍ഷം ഈ ബന്ധത്തെ ഒരുതരത്തിലും ബാധിച്ചില്ലെന്നും റയാന്‍ പറയുന്നു.

‘അതിര്‍ത്തിയില്‍ ഇന്ത്യയും പാകിസ്താനും യുദ്ധം ചെയ്യുന്നുണ്ട്, പക്ഷേ ഇവിടെ യുഎഇയില്‍, സ്‌നേഹത്തിന് നമ്മെ യഥാര്‍ത്ഥത്തില്‍ ഒരുമിപ്പിക്കാനും ഒന്നാക്കാനും കഴിയുമെന്ന് ഞങ്ങള്‍ തെളിയിച്ചു’ റയാന്‍ പറയുന്നു.

റയാന്‍ ഷാര്‍ജയിലാണ് വളര്‍ന്നത്. ഉപരിപഠനത്തിനായി മുംബൈയിലേക്ക് പോയ റയാന്‍, അഭിനയ മോഹം തലയ്ക്ക് പിടിച്ച് ഒരുപാട് കാലം അലഞ്ഞുനടക്കുകയായിരുന്നു. പിന്നീട് ഷാര്‍ജയില്‍ തിരിച്ചെത്തി ജീവിതം മുറുകെ പിടിച്ചു. ഇപ്പോള്‍ കരംപിടിക്കാന്‍ ഹബീബയും എത്തിയതോടെ റയാന്‍ അതീവ സന്തോഷത്തില്‍ തന്നെയാണ്.

Exit mobile version