കാമുകനുമായി ചേര്‍ന്ന് നാലു വയസുകാരിയായ മകളെ കൊന്നു; അമ്മയുടെ ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു

രഞ്ജിത്താണ് കേസിലെ ഒന്നാം പ്രതി

കൊച്ചി: കാമുകനുമായി ചേര്‍ന്ന് മകളെക്കൊന്ന അമ്മയുടെ ജീവപര്യന്ത്യം ഹൈക്കോടതി ശരിവെച്ചു. 2013 ഒക്ടോബറിലാണ് സംഭവം. റാണിയുടെ നാലുവയസുകാരിയായ മകളെ കാമുകനായ രഞ്ജിത്ത് കൊല്ലുകയായിരുന്നു. രഞ്ജിത്താണ് കേസിലെ ഒന്നാം പ്രതി. ഇയാള്‍ക്ക് കോടതി വധശിക്ഷയാണ് വിധിച്ചിരിക്കുന്നത്.

രണ്ടാം പ്രതിയായ റാണിക്കും സുഹൃത്തായ തിരുവാണിയൂര്‍ ബേസിലിനും ഇരട്ട ജീവപര്യന്തമാണ് വിധിച്ചത്. പോക്സോ കോടതിയുടെ വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ട് റാണി സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. റാണിയുമായുള്ള അവിഹിത ബന്ധത്തിന് കുട്ടി തടസമാകുമെന്ന് കരുതിയാണ് നാലുവയസുകാരിയെ രഞ്ജിത്ത് കൊലപ്പെടുത്തിയത്.

കുട്ടി സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോള്‍ രഞ്ജിത്ത് കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ചു. ബഹളം വെച്ച കുട്ടിയെ എടുത്തെറിഞ്ഞു. തലയിടിച്ച് കുട്ടി മരിച്ചു. ആ സമയത്ത് റാണിയും ബേസിലും വീട്ടിലുണ്ടായിരുന്നില്ല. രഞ്ജിത്ത് മൃതദേഹം ടെറസില്‍ ഒളിപ്പിച്ചു. റാണി മടങ്ങിയെത്തിയ ശേഷം കുട്ടിയുടെ മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്ത് കുഴിച്ചുമൂടി. റാണിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ഇത്.

സംഭവം നടന്നതിന്റെ തൊട്ടടുത്ത ദിവസം ചോറ്റാനിക്കര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. റാണിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്.

Exit mobile version