കേരള തീരത്ത് 11 മണിമുതൽ കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത, ജാഗ്രത

ഉയർന്ന തിരമാല ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

തിരുവനന്തപുരം: കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 11.30 മുതല്‍ രാത്രി 11.30 വരെ 0.5 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കന്‍ തമിഴ്‌നാട് തീരത്തും പകല്‍ 02.30 മുതല്‍ രാത്രി 11.30 വരെ 1.0 മുതല്‍ 1.7 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അതിന്റെ വേഗത സെക്കന്‍ഡില്‍ 15 രാനും 45 രാനും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

ഉയര്‍ന്ന തിരമാല ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Exit mobile version