ഒന്നിച്ചു പിറന്നു, പത്താംക്ലാസ് കടമ്പ കടക്കാനും ഒരുമിച്ച് നാല്‍വര്‍ സംഘം

ചാരുംമൂട്: പത്താംക്ലാസ് കടമ്പ കടക്കാന്‍ ഒന്നിച്ചു പിറന്ന നാല്‍വര്‍ സംഘവും ഒന്നിച്ച് പരീക്ഷാ ഹാളിലേക്ക്. നൂറനാട് എരുമക്കുഴി നെടിയപറമ്പില്‍ ശാന്തന്‍-മായ ദമ്പതികളുടെ മക്കള്‍ ആശാലക്ഷ്മി, അശ്വിന്‍, അതുല്‍, അര്‍ജുന്‍ എന്നിവരാണ് നൂറനാട് പടനിലം എച്ച്എസ്എസില്‍ പരീക്ഷയെഴുതുന്നത്.

9 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം 2006 ഓഗസ്റ്റ് 15നാണ് ശാന്തനും മായയ്ക്കും 4 മക്കള്‍ പിറന്നത്. എല്‍കെജി മുതല്‍ നാലാം ക്ലാസ് വരെ ഉളവുക്കാട് ആര്‍സിവി എല്‍പിഎസിലായിരുന്നു പഠനം. അഞ്ചാം ക്ലാസില്‍ പടനിലം സ്‌കൂളിലെത്തി, 10ാം ക്ലാസ് ഡി ഡിവിഷനില്‍ ഒന്നിച്ചിരുന്നു തന്നെ പഠനം.

പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും നാല് പേരും മുന്നില്‍ തന്നെയാണ്. വിദ്യാരംഗം ചിത്രരചന മത്സരത്തില്‍ സംസ്ഥാനത്ത് ഒന്നാമതായിരുന്നു അര്‍ജുന്‍. മലയാള മനോരമ നല്ലപാഠം തപാല്‍ വകുപ്പുമായി ചേര്‍ന്ന് നടത്തിയ ചിത്രരചന മത്സരത്തിലും അര്‍ജുനായിരുന്നു ഒന്നാമത്. തപാല്‍ വകുപ്പ് അര്‍ജുന്റെ ചിത്രമുള്ള സ്റ്റാംപ് പുറത്തിറക്കിയിട്ടുണ്ട്. സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ അതുല്‍ ഒന്നാം സ്ഥാനക്കാരനായി. ആശാലക്ഷ്മി സ്‌കൂളിലെ മികച്ച വിദ്യാര്‍ഥിയായിട്ടുണ്ട്.

Read Also: പ്രായപൂര്‍ത്തിയാകാത്ത സഹോദരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കി: മഞ്ചേരി സ്വദേശിനിയ്ക്ക് അരലക്ഷം രൂപ പിഴയും തടവും

വിദേശത്തു ജോലിയുണ്ടായിരുന്ന ശാന്തന്‍ 4 വര്‍ഷം മുന്‍പാണ് നാട്ടിലെത്തിയത്.
രോഗ ബാധിതനായതോടെ നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണിപ്പോള്‍. മായയ്ക്ക് ഹൃദയസംബന്ധമായ അസുഖമുള്ളതിനാല്‍ കഠിനജോലികള്‍ ചെയ്യാന്‍ പറ്റില്ല.

അധ്യാപകരാണ് 5 വര്‍ഷമായി കുട്ടികളുടെ പഠനച്ചെലവ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നോക്കുന്നത്. 10ാം ക്ലാസ് കഴിഞ്ഞു കുട്ടികളെ തുടര്‍ന്നു പഠിപ്പിക്കാന്‍ വഴി തേടി പ്രയാസപ്പെടുകയാണ് ശാന്തനും മായയും.

Exit mobile version