നിയന്ത്രണങ്ങള്‍ എല്ലാവര്‍ക്കും ബാധകം: മോഹന്‍ലാലിന്റെ കാര്‍ ഗുരുവായൂര്‍ ക്ഷേത്ര നടപ്പന്തലില്‍ എത്തിച്ചതില്‍ ഹൈക്കോടതി

തൃശ്ശൂര്‍: നടന്‍ മോഹന്‍ലാലിന്റെ കാര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലില്‍ പ്രവേശിപ്പിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ക്ഷേത്രം മാനേജിംഗ് കമ്മിറ്റി ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ് എന്നും എല്ലാവരും ഒരുപോലെ പാലിക്കേണ്ട വിഷയമാണ് എന്നും ഹൈക്കോടതി വ്യക്തമാക്കി.

സെപ്റ്റംബര്‍ ഒമ്പതിന് നടന്‍ മോഹന്‍ലാലിന്റെ കാര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭഗവതി ക്ഷേത്രത്തിന് അടുത്തു വരാന്‍ അനുവദിച്ചതിന് സുരക്ഷാ ജീവനക്കാരോട് അഡ്മിനിസ്‌ട്രേറ്റര്‍ വിശദീകരണം തേടിയിരുന്നു. നടന്റെ കാര്‍ എത്തിയപ്പോള്‍ ഗേറ്റ് തുറന്നുകൊടുത്ത സുരക്ഷാ ജീവനക്കാര്‍ക്കാണ് അഡ്മിനിസ്‌ട്രേറ്റര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. മൂന്ന് സുരക്ഷാ ജീവനക്കാരെ ജോലിയില്‍ നിന്ന് താത്ക്കാലികമായി മാറ്റി നിര്‍ത്താനും നിര്‍ദേശം നല്‍കിയതായി സൂചനയുണ്ട് .

ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ മുന്‍ അഡ്മിനിസ്ട്രേറ്ററും രണ്ട് സജീവ കമ്മിറ്റി അംഗങ്ങളും 2022 ഏപ്രില്‍ 14 വിഷുവിന് വിഷുക്കണി കാണാന്‍ നാലമ്പലത്തില്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് അഡ്മിനിസ്ട്രേറ്ററുടെ കത്തിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ ഉത്തരവ്. ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഏതെങ്കിലും മാനേജിംഗ് കമ്മിറ്റി അംഗമോ അഡ്മിനിസ്‌ട്രേറ്ററോ മുന്‍ ദേവസ്വം ഉദ്യോഗസ്ഥരോ ഏതെങ്കിലും ആരാധകനോ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ കോടതി മാനേജിംഗ് കമ്മിറ്റിയോട് നിര്‍ദ്ദേശിച്ചു.

Exit mobile version