കണ്ണനുമുന്നില്‍ അനീഷ സുമംഗലിയായി; ചക്രക്കസേരയിലിരുന്ന് അനുഗ്രഹിച്ച് ഷീബ

ഗുരുവായൂര്‍: മകള്‍ കണ്ണനുമുന്നില്‍ സുമംഗലിയാവുന്നത് ചക്രക്കസേരയിലിരുന്ന് കണ്‍നിറയെ കണ്ട് ഷീബ. ആലപ്പുഴ പുന്നപ്ര പറവൂര്‍ നെടുമ്പാലപ്പറമ്പില്‍ അനില്‍കുമാറിന്റെയും ഷീബയുടെ മകള്‍ അനീഷയുടെ വിവാഹം കഴിഞ്ഞദിവസമായിരുന്നു.

16 വര്‍ഷം മുന്‍പ് തീവണ്ടിയില്‍നിന്നുവീണ് ഷീബയ്ക്ക് ഇരുകാലുകളും നഷ്ടപ്പെട്ടു.
ആ ദുരന്തത്തിന് ശേഷം ആദ്യമായാണ് ഗുരുവായൂരിലെത്തുന്നത്. മകള്‍ അനീഷ കണ്ണനുമുന്നില്‍ വിവാഹിതയാകുന്നത് മണ്ഡപത്തിന് താഴെ ചക്രക്കസേരയിലിരുന്ന് ആനന്ദക്കണ്ണീരോടെ അവര്‍ കണ്ടു.

എറണാകുളം കുമ്പളങ്ങി സ്വദേശി വിഷ്ണുവാണ് അനീഷയെ ജീവിതസഖിയാക്കിയത്. താലികെട്ടിന്റെ സമയമായപ്പോള്‍ ഷീബയെ മണ്ഡപത്തിന് അരികിലേക്ക് എത്തിച്ചു. അനുഗ്രഹം തേടി മണ്ഡപത്തിന് താഴേയ്ക്കിറങ്ങിയ മകളെ കെട്ടിപ്പിടിച്ച് ഷീബ ആശീര്‍വാദമേകി.

2006 ഓഗസ്റ്റ് 16-ന് ഉണ്ടായ അപകടത്തിലാണ് ഷീബയുടെ കാലുകള്‍ നഷ്ടമായത്. സായാഹ്ന പത്രത്തിന്റെ വിതരണക്കാരിയായിരുന്ന ഷീബ. ആലപ്പുഴയിലെത്തിയ കുര്‍ള എക്‌സ്പ്രസ്സില്‍ പത്രം വിറ്റുകൊണ്ടിരിക്കുകയായിരുന്നു. വണ്ടി നീങ്ങിത്തുടങ്ങിയപ്പോള്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിലേക്ക് വീണു. കാലുകള്‍ തീവണ്ടിക്കും പ്ലാറ്റ്ഫോമിനുമിടയിലായി. പിന്നീട് ശസ്ത്രക്രിയയും മറ്റ് ചികിത്സകളുമായി രണ്ടു മാസത്തോളം ആശുപത്രിയില്‍. 16 വര്‍ഷമായി ചക്രക്കസേരയിലാണ് ഷീബയുടെ ജീവിതം.

Exit mobile version