റോഡിൽ പരിക്കേറ്റ് ചോരവാർന്ന് കിടന്നത് അര മണിക്കൂറോളം; ആരും തിരിഞ്ഞുനോക്കാതിരുന്ന യുവാവിനെ ആശുപത്രിയിലെത്തിച്ച് അക്ഷര; മാതൃകയാണ് ഈ ആരോഗ്യപ്രവർത്തക

തിരുവനന്തപുരം: വാഹനാപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ് ആരും സഹായിക്കാനില്ലാതെ റോഡിൽ സഹായത്തിനായി കേണ യുവാവിന് രക്ഷകയായി എത്തി അക്ഷര. അരമണിക്കൂറോളം റോഡിൽ കിടന്ന യുവാവിനെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചത് മെഡിക്കൽ കോളേജ് ജീവനക്കാരിയായ അക്ഷരയായിരുന്നു.

വാമനപുരം ആനാകുടി അമ്പാടി ഹൗസിൽ അഖിലി(20)നെയാണ് വെഞ്ഞാറമൂട് സ്വദേശിയും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസ് ക്ലർക്കുമായ അക്ഷര മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.

വെള്ളിയാഴ്ച രാവിലെ 9.40-ഓടെയാണ് കോലിയക്കോട് കലുങ്ക് ജങ്ഷനു സമീപം കാറിനെ മറികടക്കുന്നതിനിടെ ലോറിയിൽ ബൈക്കിടിച്ച് അഖിലിനു പരിക്കേറ്റത്.

പിന്നീട് ഇതുവഴി ഓഫീസിലേക്കു പോകവെയാണ് രക്തം വാർന്നു കിടക്കുന്ന യുവാവിനെ അക്ഷര കണ്ടത്. ഉടനെ തന്നെ അതുവഴി വന്ന ബാലരാമപുരം പോലീസ് സ്റ്റേഷനിലെ ജീപ്പ് കൈകാണിച്ചു നിർത്തി അതിൽ പരിക്കേറ്റ അഖിലിനെയും കയറ്റി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ALSO READ- ടിടിഇ എന്ന് പരിചയപ്പെടുത്തി യുവാവിനെ വിവാഹം ചെയ്തു; ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം പറ്റിച്ചു; ഇരിട്ടി സ്വദേശിനി ബിനിഷ ഒടുവിൽ പിടിയിൽ

ഐസിയുവിൽ പ്രവേശിപ്പിച്ച അഖിലിന്റെ ബന്ധുക്കളെത്തിയ ശേഷം മാത്രമാണ് അക്ഷര അവിടെനിന്നു പോയത്. കൃത്യസമയത്ത് എത്തിച്ചതിനാലാണ് യുവാവിന്റെ ജീവൻ രക്ഷിക്കാനായതെന്ന് ഡോക്ടർമാരും പറഞ്ഞു.

Exit mobile version