ശബരിമലയിൽ ഭക്തരുടെ വരവ് കൂടി; കാണിക്കയായി ലഭിച്ചത് ഒമ്പതുകോടിയിലേറെ

സന്നിധാനം: ശബരിമലയിൽ ഭക്തരുടെ വരവ് കൂടിയതോടെ കാണിക്കയായി ലഭിച്ച വരുമാനത്തിലും വർധനവ്. ഇതുവരെയുള്ള നടവരവ് ഒമ്പതുകോടി കവിഞ്ഞു. തീർഥാടന കാലം മുതൽ ഈ ഞായറാഴ്ച വരെയുള്ള കണക്കാണിത്. അതേസമയം,ലഭിച്ചിട്ടുളള കാണിക്ക എണ്ണിതിട്ടപ്പെടുത്താൻ ബാക്കിയുളളതിനാൽ യഥാർഥ വരുമാനം ഇതിൽ കൂടുതലായിരിക്കുമെന്നാണ് സൂചന.

ഇതര സംസ്ഥാനത്തു നിന്നുള്ള ഭക്തരുടെ എണ്ണം വർധിച്ചതോടെയാണ് കാണിക്കയിൽ വർധനവുണ്ടായത്. രണ്ടു വർഷമായി ഇതര സംസ്ഥാനത്തു നിന്നു എത്തുന്ന ഭക്തരുടെ എണ്ണം കുറവായിരുന്നു

ഇതിനിടെ, ശബരിമല ദർശനത്തിനെത്തുന്ന പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾകൾക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി. മറ്റുള്ളവർക്ക് ആർടിപിസിആർ നെഗറ്റീവ് ഫലമോ വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ നിർബന്ധമാണെന്നും ഉത്തരവിൽ പറയുന്നു.

കുട്ടികളെ ഒപ്പം കൊണ്ടുവരുന്നവർ കൊവിഡ്-19 മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പ് വരുത്തണമെന്നും ഉത്തരവിൽ പറയുന്നു. സാനിറ്റൈസർ, മാസ്‌ക്, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കാര്യങ്ങൾ കൃത്യമായി പാലിക്കാൻ നിർദേശം നൽകി.

Exit mobile version