‘ അദ്ദേഹം ഇനി തിരിച്ചുവരില്ലെന്നറിയാം ഡോക്ടര്‍, നമുക്കത് ചെയ്യാം’; ഭര്‍ത്താവിന്റെ വിയോഗം ലിന്‍സിക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു, അവരുടെ ഉറച്ച തീരുമാനത്തിന് മുന്നില്‍ ശിരസ്സുനമിക്കാതെ വയ്യ; ഒരു ന്യൂറോസര്‍ജന്റെ അനുഭവം

തിരുവനന്തപുരം: പ്രിയപ്പെട്ടവനെ വിട്ടു പിരിയുന്നതിന്റെ വിഷമത്തിലും, അവയവദാനമെന്ന മഹത്തായ സന്ദേശം ഉയര്‍ത്തിപ്പിടിച്ച ലിന്‍സി എന്ന യുവതിയെക്കുറിച്ച് പറയുകയാണ് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ന്യൂറോസര്‍ജറി വിഭാഗം തലവന്‍ ഡോ എച്ച് വി ഈശ്വര്‍. വെള്ളിയാഴ്ചയാണ് ലിന്‍സിയുടെ ഭര്‍ത്താവ് ജെറിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചത്.

തന്റെ ഭര്‍ത്താവിന്റെ വിയോഗം ലിന്‌സിക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. അപകടത്തില്‍ തലച്ചോറിന് ഗുരുതരമായ ക്ഷതം സംഭവിച്ചതിനാല്‍ ജെറിയ്ക്കിനി ജീവിതത്തിലേയ്ക്ക് തിരിച്ചു വരാനാവില്ലെന്ന് ഉറപ്പായിരുന്നു. ‘മകനെ രണ്ടുദിവസം കൂടി മെഷീനില്‍ വച്ചേക്കണം. അവന് തിരിച്ചുവരും’ എന്നായിരുന്നു ഡോക്ടറോട് ജെറിയുടെ അമ്മയുടെ പ്രതികരണം.

എന്നാല്‍ എന്തുപറയണമെന്നറിയാതെ കുഴങ്ങിയ ഡോക്ടര്‍, ജെറിയുടെ നില വളരെ ഗുരുതരമാണ്, രണ്ടുദിവസം കൂടി കഴിഞ്ഞാല്‍ എങ്ങനെയെന്നു പറയാനാവില്ലെന്ന മറുപടി നല്കി. ഇതുകേട്ടുനിന്ന ലിന്‍സിയുടെ പ്രതികരണം അസമാന്യ ധൈര്യത്തോടെയായിരുന്നു.

‘ എനിക്കറിയാം ഡോക്ടര്‍. അദ്ദേഹത്തിന് ഇനി തിരിച്ചുവരാനാവില്ല. എങ്കിലും എന്റെ മകളുടെ അച്ഛന്റെ ശരീരത്തിന്റെ ഒരു അവയവമെങ്കിലും മറ്റൊരാളില്‍ കൂടി നിലനിന്നുപോകണമെന്ന് ഞാനാഗ്രഹിക്കുന്നു.’ ബ്രെയിന് ഡെത്ത് പാനല്‍ അംഗമെന്ന നിലയില്‍ പ്രവര്‍ത്തിച്ചു ഇതുവരെ ഇങ്ങനെയൊരു നിലപാടെടുത്ത ബന്ധുക്കളെ താന്‍ കണ്ടിട്ടില്ലെന്ന് ഡോ. ഈശ്വര്‍ പറയുന്നു.

ജൂലായ് 27ന് രാത്രി ഒന്‍പതരയോടെയാണ് മണ്ണന്തല കരിമാംപ്ലാക്കല്‍ വീട്ടില്‍ ജെറി വര്‍ഗീസിന് മണ്ണന്തലയ്ക്കു സമീപമുണ്ടായ സ്‌കൂട്ടറപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. വിശ്വജ്യോതി എഞ്ചിനിയറിങ് കോളജിലെ അസിസ്റ്റന്റ് പ്രൊഫസറായ ജെറി, ജോലികഴിഞ്ഞ് മടങ്ങുമ്പോള്‍ മണ്ണന്തലയ്ക്ക് സമീപത്തുവച്ച് സ്‌കൂട്ടര്‍ തെന്നിമറിഞ്ഞാണ് അപകടമുണ്ടായത്.

Exit mobile version