അലറിവിളിച്ച് കാട്ടാനയെത്തി, വീട് തകര്‍ത്തു, ഒമ്പതംഗ കുടുംബത്തെ രക്ഷിച്ച് വളര്‍ത്തുനായ

മലപ്പുറം: ഒന്‍പതംഗ കുടുംബത്തെ കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും രക്ഷിച്ച് വളര്‍ത്തുനായ. കുരച്ചും മാന്തിയും ശബ്ദമുണ്ടാക്കിയാണ് കാട്ടാന വരുന്നതായി വളര്‍ത്തുനായ വീട്ടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. വളര്‍ത്തുനായ ജിമ്മിയുടെ ജാഗ്രത ഒന്നുകൊണ്ട് മാത്രമാണ് കുടുംബം ഇപ്പോഴും ജീവനോടെ കഴിയുന്നത്.

എടക്കര ഉദിരംകുളം മങ്ങാട്ടൂര്‍ സുന്ദരന്റെ ഒന്‍പതംഗ കുടുംബമാണ് കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്്. കരിയംമുരിയം വനത്തിന്റെ സമീപമാണ് ഇവരുടെ വീട്. വീടിനോടുചേര്‍ന്ന് അടുക്കളയായി ഉപയോഗിക്കുന്ന ചായ്പിലാണ് സുന്ദരനും ഭാര്യയും ഉറങ്ങുന്നത്.

പ്ലാസ്റ്റിക്കിന്റെ മറയാണ് ചായ്പിനുള്ളത്. വളര്‍ത്തുനായ ജിമ്മി ശബ്ദത്തില് കുരയ്ക്കുന്നതും പ്ലാസ്റ്റിക് ഷീറ്റില്‍ മാന്തി ശബ്ദം ഉണ്ടാക്കുന്നതും കേട്ടാണ് സുന്ദരനും ഭാര്യ സീതയും ഉണര്‍ന്നത്. പുറത്തേക്ക് നോക്കിയപ്പോള്‍ കണ്ടത് മുറ്റത്ത് നില്ക്കുന്ന കൊമ്പനെ.

അലറിവിളിച്ച ആന തുമ്പിക്കൈ നീട്ടി ചായ്പിന്റെ അകത്തേക്കു കയറാന്‍ ശ്രമിച്ചു. ഒരുനിമിഷം കൊണ്ട് സുന്ദരനും ഭാര്യയും മക്കള്‍ കിടക്കുന്ന മുറിയിലേക്ക് ചാടിക്കയറി രക്ഷപ്പെടുകയായിരുന്നു. ഇതിനിടയില്‍ മേല്‍ക്കൂര തകര്‍ത്ത ആന ചായ്പിനുള്ളിലേക്ക് കയറാന്‍ വീണ്ടും ശ്രമിച്ചു.

വീട്ടുകാരുടെ കൂട്ടനിലവിളി ശബ്ദത്തില്‍ അമ്പരന്ന് ആന പിന്തിരിഞ്ഞു. പത്തുമിനിറ്റോളം വീടിനുചുറ്റും വലംവെച്ച് ചെമ്പന്‍കൊല്ലി റോഡ് വഴി കാട്ടിലേക്ക് കയറി. കാടതിര്‍ത്തിവരെ ആനയെ പിന്തുടര്‍ന്ന് ഓടിച്ചശേഷമാണ് ജിമ്മി തിരിച്ചുവന്നത്. ജിമ്മിയാണ് ജീവന്‍ തിരികെ തന്നതെന്ന് വീട്ടുകാര്‍ പറയുന്നു.

Exit mobile version